കൊച്ചി: അന്തർജില്ല സ്ഥലംമാറ്റത്തിനായി എറണാകുളം ജില്ലയിൽ ആദ്യമുണ്ടാകുന്ന ഒഴിവിലേക്ക് കോഴിക്കോട് ജില്ലയിൽ ഹയർ സെക്കൻഡറി അധ്യാപികയായ 75 ശതമാനം കാഴ്ചവെല്ലുവിളി നേരിടുന്ന ആലുവ സ്വദേശിനിക്ക് മാറ്റം അനുവദിക്കണമെന്ന് ഹൈകോടതി.High Court to give first priority to visually challenged teachers
കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റെല്ല മരിയ തോമസിന്റെ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2013ൽ ജോലിക്ക് കയറിയ ഹരജിക്കാരി 2020 മുതൽ സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയെങ്കിലും തള്ളി. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടാകാതിരുന്നതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
ഒഴിവിന്റെ 10 ശതമാനം അന്തർജില്ല സ്ഥലംമാറ്റം അനുവദിക്കുന്നുണ്ടെങ്കിലും ആകെ കേഡർ സ്ട്രെങ്തിന്റെ 10 ശതമാനത്തിനകത്ത് നിൽക്കണമെന്ന നിബന്ധനമൂലമാണ് ഹസ്ഥലംമാറ്റം ലഭിക്കാത്തതെന്ന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അന്തർജില്ല സ്ഥലംമാറ്റത്തിനുള്ള പട്ടികയിൽ ഹരജിക്കാരി ഒന്നാം റാങ്കായിരുന്നെങ്കിലും ഈ നിബന്ധനമൂലം അനുവദിക്കാനായില്ലെന്നും വ്യക്തമാക്കി. ഈ നിബന്ധന വിവേചനവും അവസരനിഷേധവും നീതീകരിക്കാനാവാത്തതുമാണെന്ന് കോടതി വിലയിരുത്തി.