സന്നിധാനം: ശബരിമലയിൽ ദർശനത്തിനായി നടൻ ദിലീപിന് വിഐപി പരിഗണന അനുവദിച്ചതിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. വിഐപി ദർശനം നിയന്ത്രിക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി മറ്റു ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പറഞ്ഞു.(High Court criticizes again in Dileep’s VIP visit to Sabarimala)
സന്നിധാനത്ത് ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടത്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി ഓർമിപ്പിച്ചു. സന്നിധാനത്തെത്തിയ ദിലീപിൻ്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം നല്‍കാനും ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.
വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് നടൻ ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ക്ഷേത്രത്തിൽ നിന്ന് ദിലീപ് മടങ്ങിയത്.