ഇടുക്കി: ഇടുക്കിയിലെ ഉൾഗ്രാമങ്ങളിൽ അതിശക്തമായ മഴ. ഇന്നലെ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കൂറ്റൻ പാറക്കല്ലുകൾ പതിച്ചു. വേലത്തുശേരിയ്‌ക്ക് സമീപമാണ് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്.Heavy rain in the villages of Idukki
ഈ സമയം വാഹനങ്ങളോ, കാൽനട യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. എട്ടടിയോളം നീളമുള്ള പാറക്കല്ലുകളാണ് റോഡിലേക്ക് വീണതെന്ന് നാട്ടുകാർ പറഞ്ഞു.
പാറ റോഡിലേക്ക് വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഈ ഭാഗത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി കൂടാതെ പത്തനംതിട്ട, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അപകട മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.