തൃശൂര്‍: ബൈക്കിൽ അപകടകരമായ വിധത്തിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ ചോദ്യം ചെയ്ത പൊലീസിനെ കത്തി വീശി ഭീഷണിപ്പെടുത്തി.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് പേരെ ഗുരുവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കേകാട് സ്വദേശി 24 കാരനായ അക്ഷയ്, ഒരുമനയൂര്‍ സ്വദേശി 25 കാരനായ നിതുല്‍, വടക്കേകാട് കല്ലൂര്‍ 20 കാരനായ പ്രദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു പേരും ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട പോലീസുകാരന്‍ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ഞൂര്‍ നമ്പീശന്‍ പടിയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പിടികൂടാന്‍ എത്തിയ പോലീസുകാര്‍ക്ക് നേരെയും ഇവര്‍ കത്തി കാട്ടി ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് പറഞ്ഞു.
പൊലീസ് സാഹസികമായാണ് ഇവരെ കീഴടക്കിയത്. ജില്ലയില്‍ പ്രവേശന വിലക്കുള്ള കാപ്പ കേസ് പ്രതിയാണ് അക്ഷയ്.
വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിതുലും ചാവക്കാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. ഗുരുവായൂര്‍ പൊലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. അനുരാജും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.