ലണ്ടന്‍: ജനുവരി അവസാനം ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ബാസ്‌ബോള്‍ തന്ത്രത്തിന്റെ അംഗീകാരത്തിനുള്ള മികച്ച അവസരമെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രൗളി. പക്ഷേ ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ നിര്‍ണ്ണായകമാണെന്നും സാക്ക് ക്രൗളി പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോടായിരുന്നു ക്രൗളിയുടെ പ്രതികരണം. ഇന്ത്യയിലെ ഗ്രൗണ്ടുകളെ പറ്റി തനിക്ക് അറിയില്ല. ഇന്ത്യന്‍ പിച്ചുകളില്‍ ചിലപ്പോള്‍ പന്ത് വേഗതയിലും സ്വിംങിലും വരുന്നതായി കാണാം. ഇന്ത്യയ്ക്ക് മികച്ച പേസര്‍മാരുണ്ട്. ഇന്ത്യയില്‍ പേസിനെ തുണയ്ക്കുന്ന പിച്ചുകള്‍ ഉള്ളതായും സാക്ക് ക്രൗളി വ്യക്തമാക്കി.
ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് ശേഷം ആറ് മാസം കഴിഞ്ഞാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് നടക്കുക. ലോകകപ്പിന് പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. എന്നാല്‍ ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ആറ് മാസത്തോളം ടെസ്റ്റ് കളിക്കില്ല. ഇത് ഒരു വലിയ സമയമെന്നാണ് ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രൗളിയുടെ വാദം.
ആഷസില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പടെ 480 റണ്‍സാണ് സാക്ക് ക്രൗളി അടിച്ചെടുത്തത്. 2023 ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ക്രൗളിയാണ്. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമനാണ് ക്രൗളി. ഓസ്‌ട്രേലിയയുടെ ഉസ്മാന്‍ ഖ്വാജയാണ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്.
2024 ജനുവരി 25 നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഹൈദരാബാദാണ് മത്സരത്തിന് വേദിയാകുന്നത്. രണ്ടാം ടെസ്റ്റ് വിശാഖപട്ടണത്തും മൂന്നാമത്തേത് രാജ്‌കോട്ടിലും നടക്കും. റാഞ്ചിയും ധര്‍മ്മശാലയും നാല്, അഞ്ച് ടെസ്റ്റുകള്‍ക്ക് വേദിയാകും. 2017 ന് ശേഷം ആദ്യമായാണ് ധര്‍മ്മശാല ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്.