കണ്ണൂര്‍: മിത്ത് വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഷംസീര്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റ് ഇല്ലെന്നും പറഞ്ഞത് ആരും തിരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ പേര് നാഥുറാം വിനായക് ഗോഡ്‌സേ എന്നായിരുന്നെങ്കില്‍ സുരേന്ദ്രന്‍ പോയി കെട്ടിപ്പിടിച്ചേനെ. സ്പീക്കര്‍ മതവിശ്വാസത്തിനെതിരെ പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിച്ചതാണ്. ഇപ്പോള്‍ നടക്കുന്ന വിവാദം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള അജണ്ടയുടെ ഭാഗമാണിതെന്ന് സുരേന്ദ്രന്‍ പറഞ്ഞ കാര്യം പുറത്തുവന്നതാണ്.
കേരളത്തില്‍ മതസാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇന്നും ഇന്നലെയും സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയ ആളല്ല. വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയതാണെന്നും മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം മതവിശ്വാസികള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.