ഇസ്രായേൽ ഹമാസ് യുദ്ധം പതിനഞ്ചാം ദിവസം എത്തിയിരിക്കുകയാണ്. ഒക്ടോബർ ഏഴാം തീയതിയാണ് ആദ്യമായി ഹമാസ് ഇസ്രയേലിനെതിരെ റോക്കറ്റുകൾ അയച്ചത്. തുടർന്ന് നടന്നുവരുന്ന സംഘർഷത്തിൽ ഇരുവശത്തുമായി ഇതിനകം ആയിരക്കണക്കിനാളുകൾക്കാണ് ജീവൻ നഷ്ടമായത്. ഇസ്രായേൽ കരയുദ്ധം പ്രഖ്യാപിക്കുകയും ഇരുവശത്തും കൂടുതൽ രാജ്യങ്ങൾ അണിനിരക്കുകയും ചെയ്തതിയോടെ വരും ദിവാസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് ലോകം ആകാംഷയോടെ ഉറ്റുനോക്കുകയാണ്. ഇതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു റിപ്പോർട്ട് പുറത്തുവരുന്നത്.
ഒക്ടോബർ ഏഴാം തീയതി പ്രകോപനമില്ലാതെ ഇസ്രയേലിനെ ആക്രമിക്കുമ്പോൾ ഹമാസ് തീവ്രവാദികൾ മാരകമായ ക്യാപ്റ്റഗൺ ഗുളികകൾ ഉപയോഗിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രായേലി മണ്ണിൽ കൊല്ലപ്പെട്ട ഹമാസ് പോരാളികളുടെ ശരീരത്തിൽ ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയതായി ഇസ്രയേലി വാർത്താ സൈറ്റായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. നിസംഗതയോടെയും അലിവില്ലാതെയും ആക്രമണം നടത്താൻ ഹമാസ് പോരാളികളെ ഈ ഗുളികകൾ സഹായിച്ചതായി ദ ജെറുസലേം പോസ്റ്റ് റിപ്പോർട്ട് പറയുന്നു. അങ്ങിനെയെങ്കിൽ മയക്കുമരുന്നിന്റെ ലഹരിയിൽ എന്തുക്രൂരതയും ചെയ്യാൻ തയ്യാറാകുന്ന മനസികാവസ്ഥയിലാണ് ഹമാസ് പോരാളികൾ ഈ യുദ്ധത്തിന് തുടക്കം കുറിച്ചത് എന്ന് വേണം കരുതാൻ.
എന്താണ് ക്യാപ്റ്റഗൺ ഗുളികകൾ ?`
സിറിയയിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുകയും പശ്ചിമേഷ്യയിലുടനീളം വ്യാപകമായി കടത്തപ്പെടുകയും ചെയ്യുന്ന ആംഫെറ്റാമൈൻ വർഗത്തിൽപ്പെട്ട ഒരുതരം ഉത്തേജക മരുന്നാണ് ക്യാപ്റ്റഗൺ. കേന്ദ്ര നാഡീവ്യവസ്ഥയുടെ ശക്തമായ ഉത്തേജകമാണ് ആംഫെറ്റാമൈൻ. 1960 കളിൽ ജർമ്മനിയിൽ ആദ്യമായി ഉൽപ്പാദിപ്പിച്ച മരുന്നിന്റെ വ്യാജ പതിപ്പാണ് നിലവിൽ ഉപയോഗിക്കുന്ന ക്യാപ്റ്റഗൺ. ശ്രദ്ധക്കുറവ്, ഉറക്കസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഇത് നൽകാറുണ്ട്. എന്നാൽ കൂടിയ അളവിൽ വളരെ മാരകമായ ഒന്നാണിത്. മരുന്നിന്റെ ഉയർന്ന അളവിലുള്ള ആസക്തി പ്രശ്നങ്ങൾ മൂലം 1980-കളോടെ, പല രാജ്യങ്ങളും ഈ മരുന്ന് നിരോധിക്കുകയാണുണ്ടായത്.
യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഫോർ ഡ്രഗ്‌സ് ആൻഡ് ഡ്രഗ്‌സ് അഡിക്ഷന്റെ 2018 ലെ റിപ്പോർട്ട് അനുസരിച്ച്, ക്യാപ്റ്റഗൺ എന്ന് ലേബൽ ചെയ്ത പുതിയ വ്യാജ ടാബ്‌ലെറ്റുകൾ 1990 മുതൽ 2000 കളുടെ തുടക്കത്തിൽ ബൾഗേറിയയിൽ ഉത്പാദിപ്പിക്കാൻ തുടങ്ങി. ഈ മരുന്ന് ആളുകളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ക്ഷീണമില്ലാതെ പ്രവർത്തിക്കാനും കൂടുതൽ സമയം ഉണർന്നിരിക്കാനും സഹായിക്കുന്നു. ഒരുതരം ഉന്മാദാവസ്ഥയാണിത് ഉണ്ടാക്കുന്നത്. അതിമാനുഷികമായ ധൈര്യവും ഇത് നൽകും. ഇത് ഏതുതരത്തിലുള്ള ക്രൂരതയും മടിയില്ലാതെ ചെയ്യാൻ സഹായിക്കുന്നു. ഇറാഖിലെയും സിറിയയിലെയും തീവ്രവാദി ഗ്രൂപ്പുകൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മരുന്നിന് സൈക്കോസിസ്, മസ്തിഷ്ക ക്ഷതം തുടങ്ങിയ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ട്.
യുദ്ധസമയത്ത് ജാഗ്രത വർദ്ധിപ്പിക്കുന്നതിനും വിശപ്പ് ഇല്ലാതാക്കുന്നതിനുമായി ഇസ്ലാമിക് സ്റ്റേറ്റിനും (ഐഎസ്) സിറിയൻ പോരാളികൾക്കും ഇടയിൽ മയക്കുമരുന്ന് പ്രചാരത്തിലുണ്ടെന്ന് നേരത്തെ പല രാജ്യങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൗദി അറബിയയിലേക്കു കടത്താൻ ശ്രാമിച്ച ഒരു ബില്യണിലധികം ക്യാപ്‌ടഗൺ ഗുളികകൾ പിടിച്ചെടുത്തു. മയക്കുമരുന്ന് യുഎസ് തീരങ്ങളിൽ എത്തുമെന്ന ഭയത്തിനിടയിൽ, കഴിഞ്ഞ ഡിസംബറിൽ അമേരിക്ക ഇതിന്റെ നിയമവിരുദ്ധ വ്യാപാരം ലക്ഷ്യമിട്ട് രാജ്യത്തെ ഏജൻസികളെ നിർബന്ധിച്ച് ക്യാപ്റ്റഗൺ നിയമം കൊണ്ടുവന്നു. ഇത്രയും മാരകമായ ഈ ഗുളികകൾ ഉപയോഗിച്ച ശേഷമാണ് ഹമാസ് പോരാളികൾ ആക്രമം നടത്തിയത് എന്നതുതന്നെ ആ ക്രൂരതയുടെ മുഖം വെളിവാക്കുന്നതാണ്.