450 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് സിഐഡി ക്രൈംബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്യും. ഗില്ലിനൊപ്പം ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ എന്നിവരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഭൂപേന്ദ്രസിങ് സാല എന്ന വ്യക്തിയാണ് നിക്ഷേപ തട്ടിപ്പിന് പിന്നിലെ പ്രധാന സൂത്രധാരൻ. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള താരങ്ങൾ നിക്ഷേപം നടത്തിയതായി അറിഞ്ഞത്. അഹമ്മദാബാദ് മിറർ എന്ന ദിനപത്രമാണ് ശുഭ്മാൻ ഗില്ലിനെ ചോദ്യം ചെയ്യും എന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ വന്നതോടെയാണ് ഗുജറാത്ത് സിഐഡി ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങിയത്. 450 കോടിയുടെ ചിറ്റ് ഫണ്ട് സ്കീമായിരുന്നു ഇത്. ഗുജറാത്തിലെ പല ഭാഗങ്ങളിലായി ഇയാൾ ഓഫീസ് തുടങ്ങിയിരുന്നു. ഐസിഐസിഐ, ഐഎഫ്സി ബാങ്ക് അക്കൌണ്ടുകളിലൂടെ 6000 കോടിയുടെ ഇടപാട് ഇയാൾ നടത്തിയിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ഓസ്ട്രേലിയയിലാണ് ശുഭ്മാൻ ഗിൽ.