തിരുവനന്തപുരം : എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രിമാരായി ഗണേഷ്കുമാറും ,രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലാണ് രണ്ട് പേരും ശരീര ഭാഷ കൊണ്ട് എതിർപ്പ് പ്രകടിപ്പിച്ചത്. പത്ത് മിനിറ്റിനുള്ളിൽ തീരുന്ന ചെറു ചടങ്ങാണ് രാജ്ഭവൻ അങ്കണത്തിൽ ഒരുക്കിയിരുന്നു. രണ്ട് പേരും തമ്മിലുള്ള തർക്കം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗവർണറും മുഖ്യമന്ത്രിയും ഒരു വേദിയിൽ ഒരുമിച്ചെത്തിയത്. എതിർപ്പ് ശക്തമായി നിലനിൽക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു വേദിയിലെ ഇരുവരുടേയും എതിർപ്പ്. വേദിയിലെത്തിയ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്യാൻ തയ്യാറായില്ല. അടുത്ത അടുത്ത സീറ്റിൽ ഇരുന്നിട്ടും പരസ്പരം മുഖം കൊടുക്കാതിരിക്കാനും ശ്രദ്ധിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഇറങ്ങുമ്പോൾ മനപൂർവ്വം മുഖ്യമന്ത്രിയിൽ നിന്നും അകലം പാലിച്ച് ഗവർണർ വേദി വിട്ടിറങ്ങി. എതിരെ നിൽക്കുകയായിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ശാരന്ദാ മുരളീധരനെ മാത്രം ഗവർണർ അഭിവാദ്യം ചെയ്തു. ചീഫ് സെക്രട്ടറിയായി വേണു ദില്ലിയിൽ മറ്റൊരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചടങ്ങ് നിയന്ത്രിച്ചത്. ഗവർണറോടുള്ള പ്രതിഷേധം വ്യക്തമാക്കി രാജ്ഭവനിലെ ചായ സത്ക്കാരം മുഖ്യമന്ത്രിയും ഒഴിവാക്കി. സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ മന്ത്രിമാർക്കടക്കമുള്ള മന്ത്രിസഭയ്ക്ക് ഗവർണർ ചായ സത്ക്കാരം നൽകുന്ന കീഴ്വഴക്കമുണ്ട്. മുഖ്യമന്ത്രി കുടുംബ സമേതം പങ്കെടുക്കുകയാണ് പതിവ്. അത് വേണ്ടന്ന് വച്ചാണ് മുഖ്യമന്ത്രി രാജ്ഭവനിൽ നിന്ന് മടങ്ങിയത്.
രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരം സത്യപ്രതിജ്ഞ ചെയ്തപ്പോൾ ദൈവ നാമത്തിലായിരുന്നു ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞ. ഇരുവർക്കും തുറമുഖവും ഗതാഗതവും യഥാക്രമം ലഭിക്കും. സിനിമാ വകുപ്പ് വേണമെന്ന ഗണേഷ്കുമാറിന്റെ ആവിശ്യം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ തള്ളിയിരുന്നു