ലോകം തന്നെ ഡിജിറ്റൽ യുഗത്തിലേക്ക് മാറിയതോടെ എന്തിനും ഏതിനും ഓൺലൈൻ പേയ്‌മെന്റിനെ ആശ്രയിക്കുന്നവരാണ് കൂടുതലും. ഇതിൽ തന്നെ ഏറ്റവും അധികം ഉപയോഗിക്കുന്ന പേയ്‌മെന്റ് ആപ്പ് ഗൂഗിൾ പേയാണ്. ഉപഭോക്താക്കൾക്ക് ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുഗമമാക്കാൻ മൂന്ന് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾപേ.
ആദ്യത്തേത്റിവാർഡ് ഫീച്ചറാണ്. ഓരോ പ്രാവശ്യം ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ പേ വഴി ഉപയോഗിക്കുമ്പോഴും ക്യാഷ്‌ബാക്ക്, ഓഫറുകളടക്കമുള്ള റിവാർഡുകളും ലഭിക്കാറുണ്ട്. എന്നാൽ ഏത് ക്രെഡിറ്റ് കാർഡിനാണ് കൂടുതൽ റിവാർഡുകളും മറ്റും ലഭിക്കുന്നതെന്ന് പലർക്കും അറിയില്ല. ഇതിന് ഏറെ സഹായകമാണ് ഗൂഗിൾ പേ പുതിയതായി അവതരിപ്പിച്ച ഫീച്ചർ. ചെക്ക്ഔട്ട് സമയത്ത് ഓരോ കാർഡിന്റെയും റിവാർഡുകൾ പ്രദർശിപ്പിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ് ഗുഗീൾ പേ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താക്കൾക്ക് അവരുടെ പർച്ചേസ് അനുസരിച്ച് മികച്ച റിവാർഡുകൾ നൽകുന്ന കാർഡ് ഏതാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സഹായികമാകും. ഇതിനായി ഡെസ്‌ക്‌ടോപ്പിൽ ക്രോമിൽ കയറി കൈവശമുള്ളത് ഏത് കാർഡ് ആണെന്ന് നൽകണം. പിന്നാലെ ഓട്ടോഫിൽ ഡ്രോപ്പ്-ഡൗൺ മെനുവിൽ കാർഡ് റിവാർഡുകളുടെ ഒരു ലിസ്റ്റ് കാണും. ഇത്തരത്തിൽ ഓരോ തവണയും റിവാർഡുകൾ പരിശോധിക്കാതെ തന്നെ ഓരോ കാർഡിനും എന്തൊക്കെ ഓഫറുകൾ ഉണ്ടെന്ന് തിരിച്ചറിയാൻ സാധിക്കും എന്നതാണ് വലിയ പ്രത്യേകത.
ബൈ നൗ പേ ലേറ്റർ ഫീച്ചറാണ് രണ്ടാമത്തേത്.
സാധനങ്ങൾ വാങ്ങിയതിനുശേഷം പിന്നീട് പതിയെ തവണകളായി പണമടയ്ക്കാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. വലിയ പർച്ചേസുകൾക്കാണ് ഈ ഓപ്‌ഷൻ കൂടുതൽ ഉപകാരപ്പെടുന്നത്. അഫേം ആന്റ് സിപ്പ് എന്ന രണ്ട് ഓപ്‌ഷനുകൾ ഈ വർഷമാദ്യം ഗൂഗിൾ പേ കൊണ്ടു വന്നിരുന്നു. ചെറിയ പലിശയോ പലിശയില്ലാതെയോയുള്ള തിരിച്ചടവും അനുവദിക്കുന്ന ഫീച്ചർ ആണ് ഇത്.
ചെക്ക് ഔട്ട് ചെയ്യുമ്പോൾ, ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ബിഎൻപിഎൽ അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം. മറ്റൊന്ന് ഗൂഗിൾ പേയിൽ നേരിട്ട് പുതിയതിനായി സൈൻ ഇൻ ചെയ്യുന്ന രീതിയാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് സൈൻ ഔട്ട് ചെയ്യുകയോ ഒന്നിലധികം വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യാതെ തന്നെ ബിഎൻപിഎൽ ഓപ്ഷനുകൾ പ്രയോജനപ്പെടുത്തുന്നത് എളുപ്പമാക്കുന്നു. ഒരു സാധനം വാങ്ങിയാൽ ഗൂഗിൾ പേയിലെ ബിഎൻപിഎൽ ഓപ്‌ഷൻ ഉപയോഗിച്ച് തവണകളായി പണമടയ്ക്കാം.
ഓട്ടോഫിൽ ഫീച്ചറാണ് മൂന്നാമത്തേത്
ഓൺലൈൻ ചെക്ക്ഔട്ട് സമയത്ത് നിങ്ങളുടെ ഷിപ്പിംഗ്, ബില്ലിംഗ്, പേയ്‌മെന്റ് വിശദാംശങ്ങൾ സ്വയമേ നൽകി സമയം ലാഭിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഓട്ടോഫിൽ എന്നത്. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ പരിരക്ഷിക്കപ്പെടുന്നുവെന്നതാണ് ഈ ഫീച്ചറിൻ്റെ വലിയ പ്രത്യേകത. ക്രോമിലോ ആൻഡ്രോയിഡിലോ ഗൂഗിൾ പേ ഉപയോഗിച്ച് ചെക്ക് ഔട്ട് ചെയ്യുമ്പോൾ, നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ ഓട്ടോഫിൽ ചെയ്യുന്നതിനായി ഫിംഗർപ്രിന്റ് തിരിച്ചറിയൽ, മുഖം സ്‌കാൻ ചെയ്യുന്നത്, സ്‌ക്രീൻ ലോക്ക് പിൻ പോലുള്ള ബയോമെട്രിക് രീതികൾ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ കാർഡിന്റെ സുരക്ഷാ കോഡ് സ്വമേധയാ നൽകേണ്ടതായി വരില്ല.
സാധനം വാങ്ങി കഴിയുമ്പോൾ ഈ ബയോമെട്രിക് രീതികളിലൊന്ന് ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി നൽകാൻ ഗൂഗിൾ പേ ആവശ്യപ്പെടും. ശേഷം കാർഡ് വിശദാംശങ്ങൾ സ്വയമേവ പൂരിപ്പിക്കും. ഇത്തരത്തിൽ വേഗത്തിലും സുരക്ഷിതമായും പേയ്‌മെന്റുമായി മുന്നോട്ട് പോകാൻ ഗൂഗിൾ പേ ഉപയോക്താക്കളെ അനുവദിക്കുന്നു.