കാസർകോട്: സംസ്ഥാനത്ത് വൻ കവർച്ച ലക്ഷ്യമിട്ടെത്തിയ അന്തർസംസ്ഥാന കവർച്ചസംഘം പിടിയിൽ. കർണാടക കോടി ഉള്ളാൽ സ്വദേശിയായ മുഹമ്മദ് ഫൈസൽ (36), തുമകൂരു മേലേക്കോട്ടെ സ്വദേശി സയ്യിദ് അമാൻ (22) എന്നിവരാണ് പിടിയിലായത്.
സംഘത്തിൽപെട്ട നാലുപേർ കടന്നുകളഞ്ഞു. കഴിഞ്ഞദിവസം രാത്രി കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മഞ്ചേശ്വരം മജീർപള്ളയിൽ വാഹനപരിശോധനക്കിടെ നിർത്താതെപോയ നമ്പർ പ്ലേറ്റില്ലാത്ത സ്വിഫ്റ്റ് കാർ പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. ദൈഗോളിക്കടുത്ത് തടഞ്ഞുനിർത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ ആദ്യം നാട്ടുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അതിൽ രണ്ടുപേരെ വീണ് പരിക്കേറ്റനിലയിൽ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.
കവർച്ചസംഘം സഞ്ചരിച്ച കാറിൽനിന്ന് ഗ്യാസ് കട്ടർ, ഓക്സിജൻ സിലിണ്ടർ, ഗ്യാസ് സിലിണ്ടർ, ഡ്രില്ലിങ് മെഷീൻ, മാരകായുധങ്ങൾ എന്നിവക്ക് പുറമെ കൈയുറകൾ, മങ്കി ക്യാപ്പുകൾ, ബാഗുകൾ എന്നിവ കണ്ടെടുത്തു.
മുഹമ്മദ് ഫൈസൽ കർണാടകയിലെ ഉള്ളാൾ, ഉഡുപ്പി, മംഗളൂരു സൗത്ത്, ഉഡുപ്പി ടൗൺ, കൊണാജെ, മുൽകി എന്നീ പൊലീസ് സ്റ്റേഷനുകളിലും കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കളവുകേസുകളിലും കർണാടകയിലെ ബേരികെ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലും ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ്.
സയ്യിദ് അമാൻ കർണാടകയിലെ തുമകൂരു പോക്സോ കേസിലും പ്രതിയാണ്. കടന്നുകളഞ്ഞ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.
മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ്കുമാർ, എസ്.ഐ രതീഷ്, എ.എസ്.ഐ സദൻ, സിവിൽ പൊലീസ് ഓഫിസർമാരായ സച്ചിൻദേവ്, നിഷാന്ത്, ഡ്രൈവർ ഷുക്കൂർ, പ്രശോഭ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
കവർച്ചസംഘത്തിൽപ്പെട്ടവർ പിടിയിലായതോടെ ജില്ലയിൽ നടന്ന പല കവർച്ചയുടെയും തെളിവുകൾ കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ലയിൽ വ്യാപക കവർച്ചയായിരുന്നു.
അന്തർസംസ്ഥാന കവർച്ചസംഘം കേരളത്തിൽ വൻ കവർച്ച ആസൂത്രണം ചെയ്തിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശപ്രകാരം രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു.