തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യുടെ മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടിയെച്ചൊല്ലിയുണ്ടായ കോലാഹലം ചെറുതല്ല. ഒടുവില്‍ രക്ഷയില്ലാതെ കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാറിന് സര്‍ക്കാരിന്റെ മുമ്പില്‍ മുട്ടുമടക്കേണ്ടിവന്നു.
കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി പകരം ചെയര്‍മാനായി സിപിഎം നോമിനി എം.രാജഗോപാലന്‍നായരെ നിയമിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണവകുപ്പ് പുറത്തുവിട്ടത്. മന്ത്രിസ്ഥാനം ലഭിക്കാത്ത കേരള കോണ്‍ഗ്രസിന് നല്‍കിയ പ്രധാന പദവിയാണ് കാലാവധി പകുതിയെത്തിയപ്പോള്‍ തന്നെ സര്‍ക്കാര്‍ തിരിച്ചെടുത്തത്.
ഒടുവില്‍ യാതൊരു രക്ഷയുമില്ലാതെ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ ഇപി ജയരാജനെ നേരില്‍ കണ്ടാണ് ആകെയുള്ള പിടിവള്ളി മുന്നോക്ക ചെയര്‍മാന്‍ സ്ഥാനമാണെന്നും അത് കൂടി പോയാല്‍ ഒന്നുമല്ലാതാകുമെന്നുള്ള അപേക്ഷ മുന്നോട്ട് വച്ചത്. ഒടുവില്‍ സര്‍ക്കാരിന്റെ ദാക്ഷിണ്യത്താല്‍ അവര്‍ ഉത്തരവ് മരവിപ്പിച്ചു.
ഇത്തരമൊരു കീഴടങ്ങലിന് ഗണേഷിനെ പ്രേരിപ്പിച്ച പ്രധാന ഘടകം രണ്ട് മാസത്തിനുള്ളില്‍ തന്നെ കാത്തിരിക്കുന്ന മന്ത്രിക്കസേരയാണെന്നത് പകല്‍ പോലെ വെളിവാകുന്ന സത്യമാണ്. ആന്റണി രാജുവിന് പകരക്കാരനായാണ് ഗണേഷ് മന്ത്രിസ്ഥാനത്ത് എത്തേണ്ടത്.
പകരത്തിന് പകരം
ഗണേഷ് കുമാറിനെ മന്ത്രിക്കസേരയില്‍ ഇരുത്തുന്നതിനോട് സിപിഎമ്മിനും മുഖ്യമന്ത്രിക്കും തീര്‍ത്തും വിയോജിപ്പാണ്. യുഡിഎഫ് ഭരണത്തില്‍ മന്ത്രിയായിരിക്കെ ഗണേശ് തിരികൊളുത്തിയ വിവാദങ്ങള്‍ പിണറായിക്ക് വലിയ പാഠമാണ് നല്‍കിയത്.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരിക്കെ ജി സുകുമാരന്‍ നായരോടൊപ്പമിരുന്ന് ഗണേശ് കുമാര്‍
ചെയ്തുകുട്ടിയ നീതികേടുകള്‍ അനവധിയാണ്. അതിനുള്ള പകരംവീട്ടലെന്നോണമാണ് ഇപ്പോള്‍ മുന്നോക്ക ചെയര്‍മാന്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ മറ്റൊരാളെ നിയമിച്ചത്. ഇതൊക്കെ മനസിലായതുകൊണ്ടാവണം ഗണേഷ് തന്നെ മുന്‍കൈയടുത്ത് കോംപ്രമൈസിന് ശ്രമിച്ചത്. എന്നാല്‍ അത് പുറത്തുപറയാനുള്ള നാണക്കേടുകൊണ്ട് ഗണേശ് പറഞ്ഞതാകട്ടെ, മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് കണ്‍വീനറിന്റെയും അറിവോടെയല്ല ചെയര്‍മാനെ മാറ്റിയതെന്ന്.
തന്നോട് ആര്‍ക്കും താല്‍പര്യക്കുറവില്ല എന്ന് ചിരിച്ചുകൊണ്ട് പറയുമെങ്കിലും ഉള്ളിന്റെയുള്ളില്‍ സ്വപ്‌നം കണ്ട മന്ത്രിക്കസേര കിട്ടാതെ വരുമോയെന്ന സംശയത്തിലാണ് ഇപ്പോള്‍ ഗണേശ് കുമാര്‍.
സെക്രട്ടേറിയേറ്റിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കി ജീവനക്കാരൻ