തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മാനസിക പീഡനത്തെത്തുടർന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമ്മുവിൻ്റെ ആമാശയത്തിൽ 50 മില്ലി വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു ഭക്ഷണം പോലും കഴിക്കാതെ പട്ടിണിയിൽ ആയിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.
തലയ്ക്കും ഇടുപ്പിനും തുടയിലും ഉണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നതായും വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
അമ്മുവിൻ്റെ ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഹോസ്റ്റൽ മുറിയിൽ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടിരുന്നു. ഹോസ്റ്റലിലെ അമ്മുവിൻ്റെ മുറിയിൽ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നാണ് കുറിപ്പിലുള്ളത്.