കൊല്ലത്ത് 4 വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1
കൊല്ലം: സംസ്ഥാനത്ത് 4 വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. കൊല്ലം എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച നാല് പേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് തുടര്‍ നടപടികൾ സ്വീകരിച്ച് വരികയാണ്.
എന്താണ് എച്ച്1 എന്‍1?
പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ, സ്വൈൻ ഇൻഫ്ളുവൻസ എന്നിങ്ങനെ അറിയപ്പെടുന്ന അസുഖം 2009 മുതലാണ് അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തത്.
RNA വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ വൈറസാണ് എച്ച്1 എന്‍1. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശരോഗങ്ങളുണ്ടാക്കും. വായുവിലൂടെ പകരുന്ന വൈറസാണിത്.
പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽ കൂടിയാണ് രോഗം പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്നും രണ്ടുമുതൽ ഏഴുദിവസം വരെ മറ്റൊരാളിലേക്ക് ഇത് പകർന്നേക്കാം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു.
ലക്ഷണങ്ങൾ
സാധാരണ വൈറല്‍ പനിക്ക് സമാനമാണ് എച്ച്1 എന്‍1 പനിയുടെയും ലക്ഷണങ്ങള്‍. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കൂടാതെ ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാനും ഇടയുണ്ട്.
ചികിത്സ
രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം ആവശ്യമാണ്. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകളും നൽകാം.
നിപ സമ്പർക്കപ്പട്ടികയിൽ 675 പേർ
തിരുവനന്തപുരം: വിവിധ ജില്ലകളിലായി 675 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ്. അതിൽ 178 പേർ പാലക്കാട് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുമായി സമ്പർക്കമുള്ളവരാണ്.
38 പേർ ഹൈയസ്റ്റ് റിസ്കിലും 139 പേർ ഹൈറിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം 210, പാലക്കാട് 347, കോഴിക്കോട് 115, എറണാകുളം 2, തൃശൂർ 1എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 13 പേർ ഐ.സി.യുവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് ഇതുവരെ 82 സാമ്പിളുകൾ നെഗറ്റീവ് ആയി. പാലക്കാട് 12 പേർ ഐസൊലേഷനിലാണ്. 5 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ടെന്നും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡിഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വീണ്ടും നിപ ജാഗ്രതയിൽ സംസ്ഥാനം
പാലക്കാട്: വീണ്ടും നിപ ജാഗ്രതയിൽ സംസ്ഥാനം. രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ് ജില്ലകളിലെ ആശുപത്രികളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രത നിർദേശം നൽകിയത്.
നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്‌ക ജ്വരം എന്നിവ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും അറിയിപ്പ്.
പാലക്കാട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളിൽ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ ബൈ സ്റ്റാൻഡർ ആയി അനുവദിക്കൂ.
ഇവിടെ ആശുപത്രികളിൽ എത്തുന്നവരും ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
Summary: Four students from SN Trust Central School in Kollam, Kerala, have tested positive for H1N1 (swine flu). Health authorities are closely monitoring the situation to prevent further spread of the virus.