പാലസ്തീൻ : മരണത്തിന്റേയും നിലവിളിയുടേയും നിസഹായതയുടേയും ദിനങ്ങൾക്ക് ഇടവേള. ഹമാസ് – ഇസ്രയേൽ ധാരണ പ്രകാരമുള്ള വെടിനിറുത്തൽ ഗാസയിൽ ആരംഭിച്ചു. ഇസ്രയേൽ വാക്ക് പാലിച്ചതിനാൽ അടുത്ത നടപടി എടുക്കേണ്ടത് ഹമാസ്. ഇത് പ്രകാരം ഗാസയിലെ പ്രാദേശിക സമയം വൈകുന്നേരം നാല് മണിയ്ക്ക് ബന്ദികളിൽ ഒരു സംഘത്തെ ഹമാസ് മോചിപ്പിക്കും. അന്താരാഷ്ട്ര ചാരിറ്റി സംഘടനയായ റെഡ് ക്രോസിനാണ് ബന്ദികളെ കൈമാറുന്നത്.ആദ്യ ഘട്ടമായി 13 പേരെ ഇസ്രയേലിന് മടക്കി നൽകുമെന്ന് ഖത്തർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒക്ടോബർ 7 ന് ഇസ്രയേലിൽ ആക്രമണം നടത്തി 240 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇവരെ കണ്ടെത്താൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ തിരച്ചിൽ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് മറ്റ് മേഖലകളിലേയ്ക്കും ആക്രമണം വ്യാപിച്ചതോടെയാണ് ഇരുപക്ഷവും തമ്മിൽ ധാരണയായത്. ആദ്യ ഘട്ടത്തിൽ പുറത്ത് വിടുന്ന പതിമൂന്ന് പേരും ഇസ്രയേൽ പൗരൻമാർ മാത്രമായിരിക്കില്ല എന്നാണ് സൂചന. ഇരട്ട പൗരത്വമുള്ളവരെ ഹമാസ് പ്രത്യേകം വേർതിരിച്ചിട്ടുണ്ട് . ഇവരെയാണ് ആദ്യം മോചിപ്പിക്കുന്നത്. നാല് ദിവസത്തിന് ശേഷം 50 പേരെ കൂടി ഹമാസ് മോചിപ്പിക്കുമെന്നാണ് പ്രാഥമിക ധാരണ. ഇസ്രയേൽ ജയിലിൽ ഉള്ള 150 പാലസ്തീൻ തടവുകാരെ ബന്ദികളുടെ മോചനത്തിനായി ബഞ്ചമിൻ നെതന്യാഹു സർക്കാർ തുറന്ന് വിടും. അതിന് ശേഷമായിരിക്കും ബാക്കിയുള്ള ബന്ദികളുടെ മോചനം. നാല് ദിവസത്തെ താത്കാലിക വെടിനിറുത്തൽ ഓരോ ദിവസം കൂടി നീട്ടും തോറും പത്ത് വീതം ബന്ദികളെ മോചിപ്പിക്കുമെന്ന വാഗ്ദാനവും ഹമാസ് നൽകിയിട്ടുണ്ട്.
വെടിനിറുത്തൽ താത്കാലികം.
ഇസ്രയേൽ – ഹമാസ് വെടിനിറുത്തൽ ഗാസയിൽ കുടുങ്ങി പോയ 2.2 മില്യൺ പാലസ്തീൻ പൗരൻമാർക്ക് ആശ്വാസം പകരുന്നതാണ്.
ഇരു വിഭാഗം തമ്മിലുള്ള പോരാട്ടത്തിൽ ഇത് വരെ 14,500 പാലസ്തീൻ പൗരൻമാർ കൊലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അതേ സമയം വെടിനിറുത്തൽ താത്കാലികം മാത്രമെന്ന് ബഞ്ചമിൻ നെതന്യാഹു സർക്കാർ വ്യക്തമാക്കി. ഹമാസിനെ ഉത്മൂലനം ചെയ്യാതെ പോരാട്ടം നിറുത്തില്ല.