ന്യൂഡൽഹി: ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേരെ കാണാതായി. ഗോവൻ തീരത്താണ് അപകടം നടന്നത്. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നും ഇതിൽ 11 പേരെ രക്ഷപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. ആറ് കപ്പലും വിമാനങ്ങളും ഉപയോഗിച്ച് നാവികസേനയുടെ തിരച്ചിൽ തുടരുകയാണ്.
ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെ, മാർത്തോമ എന്ന ബോട്ടും സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മിലാണ് കൂട്ടിയിടിച്ചതെന്നാണ് റിപ്പോർട്ട്.
മുംബൈ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെൻഡറുമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുണ്ടെന്ന് അധികാരികൾ പറഞ്ഞു. കോസ്റ്റ് ഗാർഡിന്റെ ഉൾപ്പടെ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.