കോട്ടയം: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഫസ്റ്റ് ബെല്ലടിക്കും മുമ്പേ കുട്ടികളെ കൈയിലെടുക്കാൻ സ്കൂൾ വിപണി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞമാസം മുതൽ വിപണി സജീവമായിരുന്നുവെങ്കിലും കനത്തവെയിൽ കച്ചവടത്തിന് തിരിച്ചടിയായി. മേയ് പകുതിയോടെ തിരക്കേറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. എല്ലാത്തിനും ഇത്തവണ വില അൽപം കൂടുതലാണ്. ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, ബോക്സും വാട്ടർബോട്ടിലും പേനയും പെൻസിലും അടങ്ങുന്ന നീണ്ടനിര തന്നെ ഇത്തവണയും വിപണിയിലുണ്ട്.
600 രൂപ മുതലുള്ള സ്കൂൾ ബാഗുകൾ വിപണിയിലുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ തന്നെയാണ് ഇത്തവണയും താരം. കൂടാതെ കൊറിയൻ സംഗീതട്രൂപ്പായ ബി.ടി.എസിന്റെ ചിത്രങ്ങൾ പതിച്ച ബാഗുകളും വിപണി പിടിച്ചിട്ടുണ്ട്. പ്ലെയിൻ, പ്രിന്റഡ് ബാഗുകളും വിപണിയിൽ പ്രമുഖനാണ്. അനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപക്ക് മുകളിലാണ് വില. ബ്രാൻഡ് മാറുന്നതിനനുസരിച്ച് ബാഗുകൾക്ക് രണ്ടായിരത്തിന് മുകളിലെത്തും. ബാഗ്, കിറ്റ്, പൗച്ച് എന്നിവ അടങ്ങുന്ന കോമ്പോകളും നൽകുന്നുണ്ട്.
വിലകയറ്റത്തിലും രക്ഷിതാക്കൾക്ക് ആശ്വാസമാകുകയാണ് കൺസ്യൂമർഫെഡ് ആരംഭിച്ച സ്റ്റുഡന്റ് മാർക്കറ്റ്. വിദ്യാർഥികൾക്ക് വിലക്കുറവിൽ നോട്ട്ബുക്കുകളും പഠനോപകരണങ്ങളും ഇവിടെ ലഭിക്കും. ഏപ്രിൽ 15 മുതൽ ജൂൺ 15വരെ വിവിധയിടങ്ങളിൽ സ്റ്റുഡന്റ് മാർക്കറ്റുകൾ ഒരുങ്ങിയിട്ടുണ്ട്. പൊതുവിപണിയിൽ ലഭിക്കുന്നതിനെക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലാണ് നോട്ട്ബുക്കുകളും കുടകളും ബാഗുകളും മറ്റും കൊടുക്കുന്നത്. സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ 21ഓളം മാർക്കറ്റുകളാണ് ഒരുങ്ങിയിരിക്കുന്നത്.