ആന്റി സൈക്കോട്ടിക് മരുന്നുകൾ ഉപയോഗിക്കുമ്പോൾ, അവർ ശരിയായ ഡോസ് എടുക്കേണ്ടത് പ്രധാനമാണ്, മാത്രമല്ല അവർ പെട്ടെന്ന് മരുന്ന് കഴിക്കുന്നത് നിർത്തരുത്. നിലവിൽ, ഏത് ആന്റി സൈക്കോട്ടിക്‌സ് ആണ് എടുക്കുന്നത്, എത്ര അളവിൽ ആണ് എടുക്കുന്നത് എന്ന് കണ്ടെത്താൻ രക്തപരിശോധന ആവശ്യമാണ്. എന്നാൽ, ഈ രോഗികൾ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ‘ഫിംഗർപ്രിന്റ് വിയർപ്പ്’ പരിശോധന ഉപയോഗിക്കാമെന്നു ഗവേഷകർ കണ്ടെത്തി. ബ്രിട്ടനിലെ സറേ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഫ്രണ്ടിയേഴ്സ് ഇൻ കെമിസ്ട്രി എന്ന ജേണലിൽ ഈ പ്രബന്ധം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.
വിരൽത്തുമ്പിലെ വിയർപ്പ് സാമ്പിളുകളിൽ ചില മരുന്നുകളുടെ സാന്നിധ്യം കണ്ടെത്താനാകുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിരുന്നു, ഇത് രക്ത സാമ്പിളുകളിൽ നിന്ന് വ്യത്യസ്തമായി ഊഷ്മാവിൽ സൂക്ഷിക്കാനും കൊണ്ടുപോകാനും കഴിയും. പരിശീലനം ലഭിച്ച ഡോക്ടർമാർക്ക് മാത്രമല്ല, സാധാരണക്കാർക്കും അവ പരിശോധിച്ച് അറിയാൻ കഴിയും.
പുതിയ പഠനത്തിനായി, ക്ലോസാപൈൻ, ക്വറ്റിയാപൈൻ അല്ലെങ്കിൽ ഒലാൻസാപൈൻ ആന്റി സൈക്കോട്ടിക്സ് കഴിക്കുന്ന 60 രോഗികളും അത്തരം മരുന്നുകളൊന്നും കഴിക്കാത്ത 30 പേരെയും പരീക്ഷണത്തിനായി തെരഞ്ഞെടുത്തു. കൈ കഴുകുന്നതിന് മുമ്പും ശേഷവും, ഓരോ വ്യക്തിയും 30 സെക്കൻഡ് നേരത്തേക്ക് ഒരു പോറസ് പേപ്പറിൽ വിരൽത്തുമ്പ് അമർത്തി. ആ പേപ്പറിൽ ഒലിച്ചിറങ്ങിയ വിയർപ്പ് പിന്നീട് ലിക്വിഡ് ക്രോമാറ്റോഗ്രഫി മാസ് സ്പെക്ട്രോമെട്രി ഉപയോഗിച്ച് വിശകലനം ചെയ്തു.
ഓരോ സാമ്പിളുകളിലും ഉപയോഗിച്ച മരുന്നുകളുടെ അളവും വിശദവിവരങ്ങളും കണ്ടെത്താനായി. ക്ലോസാപൈനിന്റെ കാര്യത്തിൽ, വിയർപ്പിലെ മരുന്നിന്റെ അളവ് പരമ്പരാഗത രക്തപരിശോധനയിലൂടെ കണ്ടെത്തിയതിനു തുല്യമായിരുന്നു. കൂടുതൽ ഗവേഷണത്തിലൂടെ, മറ്റ് മരുന്നുകളുടെ കാര്യത്തിലും ഇത് ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഗുളികകൾ കൈകാര്യം ചെയ്ത കൺട്രോൾ ഗ്രൂപ്പിലെ പങ്കാളികളുടെ വിരൽത്തുമ്പിലെ വിയർപ്പും മരുന്നുകളുടെ അവശിഷ്ടങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ പരിശോധനകൾക്ക് കഴിഞ്ഞു. വിരലടയാള സാമ്പിളിൽ നിക്ഷേപിച്ചിരിക്കുന്ന മെറ്റബോളിറ്റുകളിൽ നിന്ന് രോഗം കണ്ടുപിടിക്കാൻ കഴിയുമോ എന്നും ഗവേഷകർ പരിശോധിക്കുന്നുണ്ട്.