വാഷിങ്ടൺ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കയിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യൻ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്.
റോ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെയാണ് മോസ്റ്റ് വാണ്ടഡ് ക്രിമിനൽ എന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നോട്ടീസ് പുറത്തു വിട്ടു. ഇന്ത്യയുടെ നമ്പർ വൺ ഹിറ്റ് ലിസ്റ്റിലുള്ള ഖലിസ്ഥാനി നേതാവാണ് ഗുർപത്വന്ത് സിങ് പന്നൂൻ.
അമേരിക്കൻ നീതിന്യായ മന്ത്രാലയത്തിന്റെ പുതിയ നടപടി ഇന്ത്യ- യു എസ് ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് വികാസ് യാദവിനെതിരെ കുറ്റം ചുമത്തിയതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
പന്നൂനെ ന്യൂയോർക്കിൽ വെച്ച് വധിക്കാൻ ഇന്ത്യൻ ഏജന്റുമാർ ശ്രമിച്ചുവെന്നാണ് അമേരിക്കൻ ഏജൻസികളുടെ കണ്ടെത്തൽ. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും വാദിക്കുന്നു.
കൊലപാതക ശ്രമത്തിന്റെ മുഖ്യ ആസൂത്രകൻ ഹരിയാന സ്വദേശിയായ, വികാസ് യാദവ് എന്ന മുൻ റോ ഏജന്റാണെന്നാണ് എഫ്ബിഐ കുറ്റപത്രത്തിൽ പറയുന്നത്. വികാസ് യാദവ്, ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാനായി നിഖിൽ ഗുപ്ത എന്നയാൾക്ക് ക്വട്ടേഷൻ നൽകുന്നു.
നിഖിൽ ഗുപ്ത അമേരിക്കയിൽ പന്നൂനെ വധിക്കാനായി വാടകക്കൊലയാളികളെ ഏർപ്പെടുത്തുന്നു. ഒരു ലക്ഷം ഡോളറിന്റേതായിരുന്നു ക്വട്ടേഷൻ. എന്നാൽ വധശ്രമത്തെക്കുറിച്ച് വിവരം ലഭിച്ച അമേരിക്കൻ അന്വേഷണ ഏജൻസികൾ പന്നൂനെ സുരക്ഷിതനാക്കുകയായിരുന്നു.
തുടർന്ന് നിഖിൽ ഗുപ്തയെയും വാടകക്കൊലയാളികളെയും അറസ്റ്റ് ചെയ്തതായി അമേരിക്ക പറയുന്നു. നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും അറസ്റ്റ് ചെയ്ത് കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു. അതേസമയം, വികാസ് യാദവ് നിലവിൽ ഇന്ത്യൻ ഉദ്യോഗസ്ഥനല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുൾപ്പെട്ടയാൾ ഇന്ത്യയുടെ ഒരു സർവീസിലും ഉള്ളയാളല്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഹർദീപ് സിങ് നിജ്ജാർ എന്ന ഖലിസ്ഥാനെ ഇന്ത്യൻ ഏജന്റുകൾ വധിച്ചെന്ന ആരോപണത്തെത്തുടർന്ന് ഇന്ത്യ- കാനഡ ബന്ധം ഉലച്ചിൽ നേരിടുന്നതിനിടെയാണ് എഫ്ബിഐയുടെ നടപടി.
FBI’s new action amid strained India-Canada relations