മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ
വടക്കുകിഴക്കൻ ചൈനയിലെ ഒരു അച്ഛൻ ചെയ്ത സ്നേഹനിർഭരമായ ത്യാഗം ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളെ സ്പർശിച്ചു.
തന്റെ മകളുടെ ആഗ്രഹം പൂർത്തിയാക്കാനായി അദ്ദേഹം ജോലി രാജിവച്ച് 900 കിലോമീറ്റർ അകലെ മകളുടെ സർവകലാശാലയ്ക്കരികിൽ ഒരു ചെറിയ ഹോട്ടൽ തുടങ്ങി. ഈ ഹോട്ടൽ ആരംഭിച്ചതിന്റെ ഏക ലക്ഷ്യം തന്റെ മകൾക്ക് “വീട്ടിലെ രുചിയുള്ള ഭക്ഷണം” നൽകുക എന്നതായിരുന്നു.
മകൾ ലി ബിംഗ്ഡി ജിലിൻ പ്രവിശ്യയിലെ സിപ്പിംഗിൽ സ്ഥിതിചെയ്യുന്ന ജിലിൻ നോർമൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ്.
ഒരു വർഷത്തോളമായി യൂണിവേഴ്‌സിറ്റി കാന്റീൻ ഭക്ഷണം രുചിയില്ലെന്നും കഴിക്കാൻ ബുദ്ധിമുട്ടാണെന്നും അവൾ പിതാവിനോട് നിരന്തരം പറയാറുണ്ടായിരുന്നു.
“വീട്ടിലെ പോലെ പാചകം ഇല്ല” എന്ന അവളുടെ പരാതിയാണ് അച്ഛനെ ഈ അസാധാരണമായ തീരുമാനത്തിലേക്ക് നയിച്ചത്.
മകളുടെ യുണിവേഴ്സിറ്റിക്കു മുന്നിൽ ഹോട്ടൽ തുടങ്ങി ഒരച്ഛൻ
ലി ബിംഗ്ഡിയുടെ അച്ഛൻ മുമ്പ് ടിയാൻജിനിൽ ഒരു ബാർബിക്യൂ റസ്റ്റോറന്റിൽ ജോലിചെയ്തുവരികയായിരുന്നു. മകളുടെ വിഷമം മനസ്സിലാക്കി, തന്റെ ജീവിതം പൂർണ്ണമായും മാറ്റിമറിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ജോലി രാജിവച്ച്, പാചകത്തിൽ കൂടുതൽ കഴിവ് നേടാനായി തെക്കൻ ചൈനയിലേക്ക് യാത്രയായി. അവിടെ അദ്ദേഹം ഫ്രൈഡ് റൈസും നൂഡിൽസും പോലെയുള്ള വിഭവങ്ങൾ പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കുന്നത് പഠിച്ചു.
തുടർന്ന് മകളുടെ സർവകലാശാല ഗേറ്റിന് പുറത്ത് സ്ഥലം വാടകയ്ക്ക് എടുത്ത് ഒരു ചെറിയ ഹോട്ടൽ ആരംഭിച്ചു.ഒക്ടോബർ പകുതിയോടെയാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.
ആദ്യദിവസം വെറും ഏഴ് പേരാണ് അദ്ദേഹത്തിന്റെ ഹോട്ടലിൽ ഭക്ഷണം കഴിച്ചത്. അതേസമയം, അന്നേദിവസം മകൾ പഠനത്തോടൊപ്പം സ്വകാര്യ ട്യൂട്ടറായി ജോലി ചെയ്ത് അച്ഛനേക്കാൾ കൂടുതൽ സമ്പാദിച്ചിരുന്നു.
എങ്കിലും അച്ഛൻ നടത്തുന്ന ഈ പരിശ്രമം കണ്ട് മകൾ ഏറെ മനംനൊന്തു. അവൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അച്ഛനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് എഴുതി.
അവളുടെ കുറിപ്പിൽ, “എന്റെ അച്ഛൻ എപ്പോഴും വൃത്തിയുള്ള പാചകത്തിനാണ് മുൻഗണന നൽകുന്നത്. ഹോട്ടലിന്റെ വിൽപ്പന മെച്ചപ്പെടുത്താൻ ഉപദേശം പ്രതീക്ഷിക്കുന്നു” എന്ന് അവൾ എഴുതി.
ഈ കുറിപ്പ് അല്പസമയത്തിനുള്ളിൽ വൈറലായി. ആയിരക്കണക്കിന് ആളുകൾ അത് ഷെയർ ചെയ്തു, അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തുടർന്ന്, സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും ഹോട്ടലിലേക്ക് ഒഴുകി.
ഹോട്ടലിന് മുന്നിൽ നീണ്ട ക്യൂകൾ രൂപപ്പെട്ടു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആ ചെറിയ ഹോട്ടൽ പ്രദേശത്തെ പ്രശസ്ത ഭക്ഷണശാലയായി മാറി. ഇപ്പോൾ അച്ഛന്റെ ഹോട്ടലിൽ വൻ തിരക്കാണെന്നാണ് ലി ബിംഗ്ഡി പറയുന്നത്.
എന്നാൽ, ഈ അച്ഛൻ ഒരിക്കലും വലിയ ലാഭം ലക്ഷ്യമാക്കിയിരുന്നില്ല. “മകൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വച്ച് അവളോടൊപ്പം കഴിയുന്നതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷം” എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ഹോട്ടലിൽ തിരക്ക് കൂടിയതിനാൽ ഒഴിവുസമയങ്ങളിൽ മകൾ ലിയും പാചകത്തിലും സർവീസിലുമായി അച്ഛനെ സഹായിക്കുന്നു.









