ദില്ലി : 2014 മുതൽ 2022 വരെയുള്ള കർഷക ആത്മഹത്യകളുടെ കണക്ക് ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ടു. ഇത് പ്രകാരം 9 വർഷത്തിനിടെ 1,00,474 കർഷകർ ആത്മഹത്യ ചെയ്തു. ദിനംപ്രതി ശരാശരി 30 ആത്മഹത്യകൾ. നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് ഒരു കർഷകൻ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്ന ബിജെപി എം.പി നിഷികാന്ത് ദുവൈയുടെ പ്രസ്ഥാവന പുറത്ത് വന്നതിന് പിന്നാലെയാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഇംഗ്ലീഷ് ന്യൂസ് വെബ്സൈറ്റ് പുറത്ത് വിട്ടത്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ആത്മഹത്യാ നിരക്ക് വർദ്ധിച്ചു. ആദ്യ ആഞ്ച് വർഷം 10,281 പേർ ജീവൻ വെടിഞ്ഞു. രണ്ടാം ഘട്ടത്തിൽ നാല് വർഷത്തിനിടെ ആത്മഹത്യാ നിരക്ക് 11,290 ആയി വർദ്ധിച്ചു. മഹാരാഷ്ട്രയിലെ വിദർഭ, മറാത്ത മേഖലയിലാണ് പതിവ് പോലെ ആത്മഹത്യയിൽ അഭയം തേടുന്ന കർഷകരുടെ എണ്ണം കൂടുതൽ. കാർഷിക മേഖലയിലെ പൊതുനിക്ഷേപം കുറയുക, സ്വകാര്യവൽക്കരണം, വിദേശവ്യാപാരത്തിന് കാർഷിക മേഖല തുറന്ന് കൊടുക്കുക, സംസ്ഥാന സബ്‌സിഡികൾ കുറയുക, ഔപചാരിക കാർഷിക വായ്പകൾ ചുരുക്കുക എന്നിവയെല്ലാം കർഷകർക്ക് നിലനിൽപ്പിനുള്ള സാഹചര്യം പോലും ഇല്ലാതാക്കിയെന്നാണ് റിപ്പോർട്ട്.
ഉദാരവൽക്കരണത്തിനു ശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ കാർഷിക മേഖലയിൽ 3,50,000 ആത്മഹത്യകൾ ഉണ്ടായതാണ് ഇതിന് മുമ്പ് കാർഷിക മേഖല നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി.