കാപ്പി വിളവെടുപ്പ് ചെലവ് താങ്ങാൻ കർഷകർക്ക് കഴിയുന്നില്ല
കട്ടപ്പന: കാപ്പിക്കുരുവിന് മികച്ച വില ലഭിക്കുമ്പോഴും സംസ്ഥാനത്തെ പ്രധാന കാപ്പി ഉത്പാദന കേന്ദ്രങ്ങളിൽ ഒന്നായ ഇടുക്കിയിൽ കാപ്പി വിളവെടുപ്പ് ചെലവ് താങ്ങാൻ കർഷകർക്ക് കഴിയുന്നില്ല.
ഇതോടെ ഹൈറേഞ്ചിലെ വിവിധയിടങ്ങളിൽ വിളവ് ഭാഗികമായി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
2022 തുടക്കത്തിൽ 24 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന് നിലവിൽ 225 രൂപയും 150 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന് 400 രൂപയിലധികവും ലഭിക്കുന്നുണ്ട്.
വില ഉയർന്നതോടെ പരിചരണം നൽകിയതിനാൽ കാപ്പിച്ചെടികൾക്ക് മികച്ച വിളവും ലഭിക്കുന്നുണ്ട്. എന്നാൽ ഇടവിട്ട് മഴ ലഭിച്ചതോടെ കാലാവസ്ഥ വ്യതിയാനം മൂലം കാപ്പിക്കുരു ഒരുമിച്ച് പാകമാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കി.
ഒരു ചെടിയിൽ തന്നെ പച്ചയും , വിളഞ്ഞതുമായ കാപ്പിക്കുരു കായ്ച്ചു നിൽക്കുന്നത് രണ്ട് തവണ വിളവെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാക്കും. ഇത് കർഷകർക്ക് വലിയ ബാധ്യയുണ്ടാക്കും.
അതിഥി തൊഴിലാളികൾക്ക് 800 രൂപയും പ്രാദേശിക തൊഴിലാളികൾക്ക് 1000 രൂപയുമാണ് വിളവെടുപ്പ് കൂലി നൽകേണ്ടത്. രണ്ട് തവണ വിളവെടുപ്പ് നടത്തേണ്ടി വരുന്നതോടെ കാപ്പിക്കുരു വിറ്റാൽ വിളവെടുപ്പ് കൂലി പോലും ലഭിക്കാൻ കഴിയാത്ത അവസ്ഥയിലായി.
ഇതോടെ പലയിടത്തും കർഷകർ വിളവ് ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടായി. ഇതോടെ കട്ടപ്പന കമ്പോളത്തിലെത്തുന്ന കാപ്പിക്കുരുവിന്റെ അളവിലും കുറവുണ്ടായി.
എന്നാൽ ചെറുകിട തോട്ടങ്ങളിൽ കർഷകർ സ്വന്തമായും ചിലയിടത്ത് തൊഴിലാളിക്ക് വിളവിന്റെ പാതി നൽകാം എന്ന വ്യവസ്ഥയിലും കാപ്പിക്കുരു വിളവെടുക്കുണ്ട്.
കാപ്പി വിളവെടുപ്പ് ചെലവ് താങ്ങാൻ കർഷകർക്ക് കഴിയുന്നില്ല
ഇവിടങ്ങളിലും വിളവിന്റെ വലിയൊരു ശതമാനം കാപ്പിക്കുരു പറിച്ചുമാറ്റാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്.
പാകമായ കാപ്പി പഴങ്ങൾ വിളവെടുക്കുവാൻ കഴിയാതെ വന്നതോടെഇടുക്കി മറയൂരിൽ 76 കാരനായ കർഷക ശാരീരിക അസ്വസ്ഥത വകവയ്ക്കാതെ അഞ്ച് ഏക്കറിലെ പഴുത്ത കാപ്പിക്കുരു തനിയെ വിളവെടുത്തു.
മറയൂർ പഞ്ചായത്തിലെ പള്ളനാട് സ്വദേശിയും പൊതു പ്രവർത്തകനുമായ എ.മാടസ്വാമിയ്ക്കാണ് ഈ ഗതികേട്. വിളവെടുക്കുന്നതിന് പണിക്ക് ആളെ കിട്ടാത്തതാണ് പ്രധാന പ്രശ്‌നം.
പള്ള നാട്ടിൽ നിന്നും നാലു കിലോമീറ്റർ മലമുകളിൽ മംഗളം പാറയിലാണ് മാടസ്വാമിയുടെ കൃഷിയിടം. പ്രധാനമായും കാപ്പിയാണ് കൃഷി എങ്കിലും കമുക്, തെങ്ങ്, കുരുമുളക് എന്നിവയും കൃഷി ചെയ്തുവരുന്നു.
നടപ്പാത മാത്രമാണ് ഈ മേഖലയിലേക്കുള്ളത്. കുത്തനെ കയറ്റവും നടന്നു പോകുന്നത് ഏറെ ശ്രമകരവുമായതിനാലാണ് പണിക്ക് ആളെ കിട്ടാത്തതെന്ന് മാടസ്വാമി പറയുന്നു.
പള്ളനാടിന് സമീപത്തുള്ള തലയാർ കമ്പനിയുടെ കോഫി സ്റ്റോർ കാപ്പിത്തോട്ടങ്ങളിൽ കാപ്പി വിളവെടുപ്പ് നടക്കുന്നതിനാൽ കൂടുതൽ തൊഴിലാളികൾ ഇവിടെ പോകുന്നതും പ്രശ്‌നമാണെന്ന് മാടസ്വാമി പറയുന്നു.
കാട്ടുപോത്തുക്കളുടെ ശല്യം രൂക്ഷമായ മേഖലയാണ് മംഗളം പാറ.ഈ മേഖലയിൽ കാട്ടുപോത്തുക്കളുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
ഇവയെല്ലാം പ്രതിരോധിച്ചാണ് മാടസ്വാമി കൃഷി ചെയ്തുവരുന്നത്.അഞ്ചു വർഷമായിട്ട് വിളവെടുപ്പ് സമയമാകുമ്പോൾ പണിക്ക് ആളെ കിട്ടാതെ വരുന്നതിനാൽ പഴങ്ങളുടെ വിളവെടുപ്പ് ഭാര്യ വേലമ്മയും മാടസ്വാമിയുമാണ് ചെയ്തു വരുന്നത്.
മംഗളം പാറയിൽ വീടുണ്ടെങ്കിലും മോശമായതിനാൽ ഇപ്പോൾ പള്ളനാട്ടിലാണ് താമസിച്ചു വരുന്നത്. എല്ലാ ദിവസവും മലകയറ്റി വിളവെടുത്ത് വാഹന സൗകര്യമുള്ള സ്ഥലം വരെ പഴങ്ങൾ ചുമന്ന് എത്തിക്കുകയാണ് ഈ ദമ്പതികൾ.









