കൊച്ചി: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭം. ഒരു വിഭാഗം വ്യാപാരികള്‍ വ്യാജ വെളിച്ചെണ്ണ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതായി പരാതിയുണ്ട്.Fake coconut oil is readily available in the market
ഒറിജിനല്‍ വെളിച്ചെണ്ണ വില്‍പന നടത്തിയാല്‍ വ്യാപാരികള്‍ക്ക് ലിറ്ററിന് 15 രൂപ ലാഭം കിട്ടുമ്പോള്‍ വ്യാജവെളിച്ചെണ്ണ വില്‍പനയിലൂടെ എഴുപത് രൂപയ്ക്ക് മേലെയാണ് ലാഭം.
വെളിച്ചെണ്ണ ഡീലേഴ്‌സ് ചിലറകച്ചവടക്കാര്‍ ഓഫര്‍ നല്‍കിയും മറ്റും വ്യാജനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയുണ്ട്. പച്ചത്തേങ്ങക്ക് കിലോയ്ക്ക് 43 രൂപയാണ് ഇപ്പോഴത്തെ വില. തേങ്ങ ഉണക്കി വെളിച്ചെണ്ണയാക്കി വിപണിയില്‍ എത്തുമ്പോള്‍ 200 രൂപ ചെലവ് വരുമെന്നാണ് മില്ലുടമകള്‍ പറയുന്നത്. ഒറിജിനല്‍ വെളിച്ചെണ്ണക്ക് ലിറ്ററിന് 220 രൂപയാണ് ഇപ്പോഴത്തെ വില.
ഇതിനിടെയാണ് തമിഴ്‌നാട്ടിലെ കങ്കായത്തുനിന്നും കൊണ്ടുവരുന്ന മായം ചേര്‍ത്ത വെളിച്ചെണ്ണ ലിറ്ററിന് 160 രൂപയ്ക്ക് വില്‍ക്കുന്നത്.
പാം കെര്‍ണര്‍ ഓയില്‍ ചേര്‍ത്താണ് വ്യാജവെളിച്ചെണ്ണ ഉണ്ടാക്കുന്നത്. മൊത്തമായി കൊണ്ടുവരുന്ന വെളിച്ചെണ്ണ തൃശൂര്‍, മലപ്പുറം, കോഴിക്കോട് എനിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ എത്തിച്ച് പല ബ്രാന്‍ഡുകളിലായിട്ടാണ് വില്‍പന.
പല പേരുകളില്‍ വില്‍പന നടത്തുന്നതിനാല്‍ ഇവ പിടിക്കപ്പെടാനും സാധ്യത കുറവാണ്. ഒരു ബ്രാന്‍ഡ് പിടികൂടിയാല്‍ മറ്റുബ്രാന്‍ഡുകള്‍ വിപണിയിലുണ്ടാവും. ഇതുകാരണം മൊത്തക്കച്ചവടക്കാരുടെ ലാഭം കുറയുന്നുമില്ല.
ആരോഗ്യവകുപ്പും നടപടിസ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. പിടിച്ചാല്‍ത്തന്നെ പിഴ ഈടാക്കി കേസ് ഒഴിവാക്കുകയാണ് പതിവ്. വിലക്കുറവില്‍ വ്യാജന്‍ ലഭിക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ ചെറുകിട വെളിച്ചെണ്ണ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
പാം കെര്‍ണല്‍ ഓയില്‍, വൈറ്റ് പാമോയില്‍, എൻജിൻ ഓയിൽ, എന്നിവയാണ് വെളിച്ചെണ്ണയില്‍ മായമായി ഉപയോഗിക്കുന്നത്. ഇതിന് പുറമെയാണ് പെട്രോളിയം ഉല്‍പന്നമായ ലിക്വിഡ് പാരഫീനും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ് മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍.
വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയറാക്കിയതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയാറുണ്ട്. എന്നാൽ ഇവ നടപ്പാകാറില്ല.
മായം ചേര്‍ത്ത വെളിച്ചെണ്ണ കണ്ടെത്താന്‍ സംസ്ഥാനത്ത് മൂന്ന് ലാബുകള്‍ സജ്ജമാണ്. എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകള്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബില്‍ പരിശോധിച്ചാല്‍ എത്ര ചെറിയ അളവില്‍ കലര്‍ത്തിയ മായവും കണ്ടെത്താനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇപ്പോള്‍ പരമാവധി അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷയാണ്, ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കു ലഭിക്കുന്നത്. ഇതു തടവുശിക്ഷയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം ഭേദഗതി ചെയ്താതേ ഇതു സാധ്യമാവൂ എന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ഒരേ കമ്പനി തന്നെ പലപേരില്‍ വെളിച്ചെണ്ണ വിപണിയില്‍ ഇറക്കുന്നുണ്ട്. മായം ചേര്‍ത്തതായി കണ്ടെത്തുകയോ പരാതി ഉയരുകയോ ചെയ്യുമ്പോള്‍ ആ ബ്രാന്‍ഡിന്റെ വില്‍പ്പന മറ്റു ജില്ലകളിലേക്കു മാറ്റുകയാണ് പതിവ്.
ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയാണ് വ്യാജ വെളിച്ചെണ്ണ പ്രവര്‍ത്തിക്കുന്നത്. വെളിച്ചെണ്ണ കടകളില്‍ എത്തിച്ച് ബില്‍ നല്‍കാതെ മുങ്ങുന്ന ഡിസ്ട്രിബ്യൂട്ടര്‍മാരുമുണ്ട്.
വെളിച്ചെണ്ണയും ഭക്ഷ്യഎണ്ണയും നിശ്ചിത അനുപാതത്തിൽ കലർത്തി വിൽക്കാൻ സംസ്ഥാനത്ത് ഏതാനും കമ്പനികൾക്ക് ലൈസൻസുണ്ട്.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പുറത്തിറക്കിയ ചില ഭക്ഷ്യഎണ്ണ ബ്രാൻഡുകൾക്കെതിരേ ഭക്ഷ്യ സുരക്ഷാ വിഭാഗം കേസെടുത്തു. ഇത്തരത്തിൽ വിൽക്കുന്ന എണ്ണയുടെ പായ്ക്കറ്റിൽ മിശ്രിത എണ്ണയുടെ അനുപാതം രേഖപ്പെടുത്തണം.
ഇത്തരം എണ്ണയിൽ വെളിച്ചെണ്ണയുടെ മണത്തിനായി എസൻസുകൾ ചേർക്കുന്നതായാണ് സംശയം. വെളിച്ചെണ്ണയുടെ അളവ് കുറഞ്ഞിട്ടും നല്ല മണം ലഭിക്കുന്നതാണ് സംശയത്തിനാധാരം. നിലവിൽ ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
വെളിച്ചെണ്ണയും ഭക്ഷ്യ എണ്ണയും കലർത്തി വിൽപ്പന നടത്തുന്ന ചില പായ്ക്കറ്റുകളിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ ഉൾപ്പെടുത്തിയ ചിത്രങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വെളിച്ചെണ്ണയാണെന്ന ധാരണയിലാണ് പലരും ഇതുവാങ്ങുന്നത്.
കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നു ലഭിച്ച ഏതാനും പരാതികളുടെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് പത്തു കേസുകളെടുത്തിട്ടുണ്ട്.
വെളിച്ചെണ്ണയിൽ ഭക്ഷ്യഎണ്ണ കലർത്തിയാൽ പായ്ക്കറ്റിൽ ഭക്ഷ്യഎണ്ണ എന്നാണ് രേഖപ്പടുത്തേണ്ടത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ രേഖപ്പെടുത്തുകയും തേങ്ങയുടെയും മറ്റു ചിത്രങ്ങൾ ഉൾപ്പെടുത്തുകയും ചെയ്താണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്.
മായം ചേർത്തതായി കണ്ടെത്തിയതിനെ തുടർന്ന് ഒട്ടേറെ വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചിരുന്നു.