തിരുവനന്തപുരം: സംസ്ഥാനത്ത് പഴയ നാണയത്തുട്ടുകൾക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നു.
കേന്ദ്ര ധനമന്ത്രി പുറത്തിറക്കിയ ‘പുതിയ മാനദണ്ഡങ്ങളുടെ’ അടിസ്ഥാനത്തിൽ പണം അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
ഇന്ത്യാകോയിൻ1, കറൻസി ബയർ, ബ്രൈറ്റ് ആൻഡ് കോയിൻ മുംബയ്, ഓൾഡ് കോയിൻസ് കമ്പനി, ഡബ്ല്യൂ.ഡബ്ല്യൂ.ഡബ്ല്യൂ ഓൾഡ് കോയിൻ തുടങ്ങിയ അക്കൗണ്ടുകൾ വഴിയാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തട്ടിപ്പ് നടത്തുന്നത്.
പത്തിന്റെയും ഇരുപത്തിയഞ്ചിന്റെയും നാണയങ്ങൾക്ക് വലിയ വില ലഭിക്കുമെന്ന തരത്തിലാണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന പരസ്യം.
കൈവശമുള്ള നാണയങ്ങളുടെ ഫോട്ടോ അയച്ചുകൊടുക്കാനാണ് ഇവർ ആദ്യം ആവശ്യപ്പെടുക. ഇതിനായി വാട്ട്സാപ്പ് നമ്പർ നൽകും. ഫോട്ടോ അയച്ചുകൊടുക്കുമ്പോൾ ഒരു ലക്ഷം മുതൽ ഒരു കോടി വരെ വിലകിട്ടുന്നതാണ് നാണയങ്ങൾ ആണ് ഇതെന്ന മെസേജ് ലഭിക്കും.
പത്തുപൈസയുടെ 20 നാണയത്തുട്ടുകൾ കൈയിലുണ്ടെന്നു പറഞ്ഞ ആറ്റിങ്ങൽ സ്വദേശിക്ക് വാഗ്ദാനം ചെയ്തത് 90 ലക്ഷം രൂപയാണ്. വില സമ്മതിച്ചതോടെ ഫോട്ടോയും ആധാർ വിവരങ്ങളും രജിസ്ട്രേഷന് 750രൂപയും ആവശ്യപ്പെടുകയായിരുന്നു.
ഗൂഗിൾപേ വഴിയാണ് ഈ രജിസ്ട്രേഷൻ തുക അടയ്ക്കേണ്ടത്. തുകയുടെ വിവരങ്ങളും ഡെലിവറി ഡേറ്റും അടങ്ങുന്ന ആവശ്യക്കാരന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഓൺലൈനായി അയച്ചുനൽകുകയായിരുന്നു.
റിസർവ് ബാങ്കിന്റെ പേരിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. രണ്ടു ദിവസത്തിനകം പണം അക്കൗണ്ടിലെത്തുമെന്നും കമ്പനിയുടെ പ്രതിനിധികൾ വീട്ടിലെത്തി കോയിനുകൾ ശേഖരിക്കുമെന്നും പറഞ്ഞു. തുടർന്ന് ജി.എസ്.ടി ഇനത്തിൽ 8199രൂപ ആവശ്യപ്പെട്ടു. ഇതോടെയാണ് ചതി മനസിലായത്. പിന്നീട് ഇവരെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.