പത്തനംതിട്ട: നൂറ്റൊന്നാം വയസ്സിലും ചുറുചുറുക്കോടെ മല ചവിട്ടി പാറുക്കുട്ടിയമ്മ അയ്യപ്പ ദര്‍ശനം നടത്തി. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പമാണ് പതിനെട്ടാംപടി ചവിട്ടി സന്നിധാനത്ത് എത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പം ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തിയത്.
ഇത്തവണ മകന്‍ ഗിരീഷ്, ചെറുമകള്‍ അവന്തിക എന്നിവര്‍ക്കൊപ്പമാണ് അയ്യപ്പ സന്നിധിയിലെത്തിയത്. അനവധി ഭക്തർ അയ്യനെ തേടി മല കയറുന്നുണ്ടെങ്കിലും നൂറാം വയസില്‍ ആദ്യമായി മല ചവിട്ടിയ മുത്തശ്ശിയുടെ വാര്‍ത്ത കഴിഞ്ഞ മണ്ഡല കാലത്ത് ഭക്തരില്‍ ഏറെ കൗതുകം നിറച്ചിരുന്നു. ഇത്തവണ മണ്ഡല കാലം ആരംഭിച്ചപ്പോള്‍ തന്നെ മാലയിട്ട് വ്രതമെടുത്ത് കെട്ടും നിറച്ചാണ് പാറുക്കുട്ടി അമ്മ മുത്തശ്ശി മല കയറിയത്.









