കോഴിക്കോട്: നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്. നാൽപതുകാരിയ്ക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. യുവതി നിലവിൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
കുറ്റിപ്പുറം സ്വദേശിനിയെ ആണ് വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. രോഗ ലക്ഷണങ്ങളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയിരുന്നത്.
മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിന് പിന്നാലെ നിപ്പയാണെന്ന സംശയത്താൽ ടെസ്റ്റ് നടത്തുകയായിരുന്നു. കോഴിക്കോട് വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്.
ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ കിണർ നിറയെ പാൽ വെള്ളം
പത്തനംതിട്ട: പതിറ്റാണ്ടുകളായി കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറ്റിൽ പുലർച്ചെ നോക്കുമ്പോൾ പാൽനിറത്തിലുള്ള വെള്ളം! വീട്ടുകാർ കോരിയെടുത്ത് നോക്കിയപ്പോഴാണ് കിണർവെള്ളം നിറംമാറിയതാണെന്ന് മനസ്സിലായത്.
പത്തനംതിട്ടയിലെ അതുമ്പംകുളത്ത് ആനന്ദന്റെ വീട്ടിലെ കിണറ്റിലാണ് സംഭവം. ആദ്യകാഴ്ച്ചയിൽ പാലാണോ എന്ന് ആർക്കും സംശയം തോന്നും. കഴിഞ്ഞ 32 വർഷമായി കുടുംബം ഉപയോഗിച്ചുവന്നിരുന്ന കിണറ്റിലാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്.
കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റിൽ നിന്നും ഇപ്പോൾ കിട്ടുന്ന വെള്ളത്തിന്റെ നിറം വെള്ളയായത് എങ്ങനെ എന്ന സംശയത്തിലാണ് വീട്ടുകാർ. പാൽ പോലെ വെള്ളത്തിന്റെ നിറം മാറിയതിന്റെ ആശങ്കയിലാണ് അതുമ്പംകുളത്തെ ആനന്ദനും കുടുംബവും.