കാനഡയിൽ ചികിത്സ കിട്ടാതെ മലയാളിയുടെ മരണത്തിൽ കടുത്ത വിമർശനവുമായി ഇലോൺ മസ്‌ക്
ലൊസാഞ്ചലസ് ∙ സർക്കാർ നിയന്ത്രണത്തിലുള്ള ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് രൂക്ഷ വിമർശനവുമായി ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക്.
കാനഡയിലെ ആശുപത്രിയിൽ ആവശ്യമായ ചികിത്സ ലഭിക്കാതെ മലയാളിയായ കനേഡിയൻ പൗരൻ പ്രശാന്ത് ശ്രീകുമാർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട വാർത്തയോടാണ് മസ്ക് പ്രതികരിച്ചത്.
“സർക്കാർ ചികിത്സാ സംവിധാനം നോക്കുമ്പോൾ യുഎസിലെ മോട്ടർ വാഹന വകുപ്പിന്റെ (DMV) അവസ്ഥ തന്നെ വരും, കഷ്ടം” എന്നായിരുന്നു മസ്കിന്റെ പരിഹാസപരമായ പ്രതികരണം.
കാനഡയിലെ ആരോഗ്യ സംരക്ഷണ മേഖലയെ യുഎസിലെ മോട്ടർ വാഹന വകുപ്പിനോട് താരതമ്യം ചെയ്തതിന് പിന്നിൽ മസ്കിന്റെ പഴയ നിലപാടുകളുണ്ട്.
അമിതമായ ബ്യൂറോക്രസിയും കാര്യക്ഷമതയുടെ അഭാവവും കാരണം മോട്ടർ വാഹന വകുപ്പിനെ മസ്ക് മുൻപും പലതവണ വിമർശിച്ചിട്ടുണ്ട്.
അതേ രീതിയിലുള്ള വൈകിപ്പിക്കൽ, അനാസ്ഥ, ഉത്തരവാദിത്വക്കുറവ് എന്നിവയാണ് സർക്കാർ നിയന്ത്രിത ആരോഗ്യ സംവിധാനങ്ങളിലും കാണുന്നതെന്ന സൂചനയാണ് മസ്കിന്റെ പരാമർശത്തിലൂടെ ഉയരുന്നത്.
കാനഡയിൽ ചികിത്സ കിട്ടാതെ മലയാളിയുടെ മരണത്തിൽ കടുത്ത വിമർശനവുമായി ഇലോൺ മസ്ക്
കാനഡയിലെ എഡ്മന്റണിലുള്ള ഗ്രേ നൺസ് ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. കഴിഞ്ഞ 22നാണ് 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാർ നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയത്.
ഡോക്ടറെ കാണുന്നതിനായി എട്ട് മണിക്കൂറിലേറെ സമയം കാത്തിരിക്കേണ്ടി വന്നതോടെ പ്രശാന്തിന്റെ ആരോഗ്യനില കൂടുതൽ ഗുരുതരമായി. ഒടുവിൽ ഹൃദയാഘാതം സംഭവിച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.
പ്രശാന്തിന് അടിയന്തര ചികിത്സ നൽകണമെന്ന് ഭാര്യ നീഹാരിക ആശുപത്രി ജീവനക്കാരോട് ആവർത്തിച്ച് ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു.
എന്നാൽ, ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ നീഹാരികയോട് മര്യാദയില്ലാതെ, പ്രാകൃതമായി പെരുമാറിയെന്ന് ആരോപണമുണ്ട്.
ചികിത്സയിൽ ഉണ്ടായ വൈകിപ്പിക്കൽ മാത്രമല്ല, രോഗിയുടെയും ബന്ധുക്കളുടെയും മാനസികാവസ്ഥ പരിഗണിക്കാതെ പെരുമാറിയതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.
സംഭവം പുറത്തുവന്നതോടെ കാനഡയിലെ സർക്കാർ ആരോഗ്യ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ചർച്ചയാകുകയാണ്.
സൗജന്യ ചികിത്സാ സംവിധാനം എന്ന പേരിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ഗുരുതര രോഗികൾ പോലും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ആശങ്കാജനകമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.









