കൊച്ചി: കേരളത്തിൽ ആന എഴുന്നള്ളിപ്പിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അത് അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേർത്തു.(Elephant procession; High court takes strict decision)
ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും എന്നും കോടതി ഓർമിപ്പിച്ചു. എഴുന്നള്ളിപ്പ് സമയത്ത് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകല പരിധി നിശ്ചയിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തിൽ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.