കൊച്ചി: സംസ്ഥാനത്ത് ജൂണിലും വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത. യൂണിറ്റിന് 16 പൈസ നിരക്കു വർധനയ്ക്ക് ആണ് സാധ്യതയുള്ളത്. അധിക വിലയ്ക്കു കെഎസ്ഇബി വൈദ്യുതി വാങ്ങുന്നതാണ് നിരക്ക് വർധനവിന് കാരണം. യൂണിറ്റിന് 1.35 രൂപ മുതൽ 2.70 രൂപയ്ക്കു വരെ ലഭിക്കുന്ന കേന്ദ്ര വൈദ്യുതി വിഹിതം സറണ്ടർ ചെയ്താണ് ജൂണിലേക്കു യൂണിറ്റിന് 6.50 രൂപ നിരക്കിലും മേയിലേക്കു യൂണിറ്റിനു 9.60 രൂപ നിരക്കിലും വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടിരിക്കുന്നത്.
ഈ മാസം 22 വരെ 55.19 ദശലക്ഷം യൂണിറ്റ് കേന്ദ്ര വൈദ്യുതി വിഹിതം കെഎസ്ഇബി സറണ്ടർ ചെയ്തിരുന്നു. 51 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിൽക്കുകയും ചെയ്തു. കരാർ പ്രകാരം 2 മാസത്തേക്ക് വൈദ്യുതി വാങ്ങാൻ 400 കോടി രൂപയോളം നൽകണം. കേന്ദ്ര വൈദ്യുതി സറണ്ടർ ചെയ്യുമ്പോൾ വില നൽകേണ്ടെങ്കിലും ഫിക്സഡ് ചാർജ് നൽകണം. വൈദ്യുതി കരാറിലെ നഷ്ടം സംബന്ധിച്ചു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടർന്നു കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടർ ഇന്നലെ രാത്രി മന്ത്രിയുടെ ഓഫിസിനു റിപ്പോർട്ട് കൈമാറി.
ഇത്തവണ ശക്തമായ കാലവർഷ പ്രവചനം ഉണ്ടെങ്കിലും കൊടും ചൂടുകാലത്തെ ഉപയോഗത്തിന്റെ അതേ നിരക്കിൽ മേയ്, ജൂൺ മാസത്തേക്കു വൈദ്യുതി വാങ്ങാനുള്ള കരാറാണ് ബോർഡ് ഒപ്പിട്ടത്. ഇതുമൂലം ഉപയോക്താക്കളുടെ മേൽ വയ്ക്കുന്നത് 400 കോടി രൂപയുടെ ബാധ്യതയാണ്. മഴ പെയ്ത് ഉപയോഗം കുറഞ്ഞതോടെ ഈ മാസം എനർജി എക്സ്ചേഞ്ചിൽ യൂണിറ്റിനു ശരാശരി 4.50 രൂപയ്ക്കു വരെ വൈദ്യുതി ലഭിക്കുമെന്ന് പറയുന്നു.
കെഎസ്ഇബിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത് ഈ മാസം 3 നായിരുന്നു. 115.96 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉപഭോഗമാണ് അന്ന് ഉണ്ടായത്. എന്നാൽ ഈ മാസം 22 ന് ഉപയോഗം 80.60 ശലക്ഷം യൂണിറ്റ് ആയി കുറഞ്ഞു. ഇതു മുൻ കൂട്ടി കാണാതെയാണ് കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാർ ഒപ്പിട്ടത്.
Read Also: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: വധശിക്ഷ ഒഴിവാക്കി; നിനോ മാത്യുവിന് ജീവപര്യന്തം
Read Also: പരശുറാം ഇനി കന്യാകുമാരിയിലേക്കും ഓടും; സർവീസ് നീട്ടാൻ ആലോചന, കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും