കൊച്ചി: 2023-24 സീസണിലെ ഡ്യൂറന്‍ഡ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കൊല്‍ക്കത്തയില്‍ ആരംഭിച്ച ഡ്യൂറന്‍ഡ് കപ്പാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ മത്സരങ്ങളിലെ ആദ്യ ടൂര്‍ണമെന്റ്. യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യൂറന്‍ഡ് കപ്പിനായി ടീം ഓഗസ്റ്റ് ഒമ്പതിന് കൊല്‍ക്കത്തയിലേക്ക് തിരിക്കും. 13ന് ഗോകുലം കേരള എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
ഡ്യൂറന്‍ഡ് കപ്പിന് ശേഷം സെപ്റ്റംബര്‍ ആദ്യ ആഴ്ചയോടെ ബ്ലാസ്റ്റേഴ്സിന്റെ യുഎഇ പ്രീ സീസണ്‍ പര്യടനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ദിവസം നീളുന്ന പ്രീ സീസണ്‍ പര്യടനത്തില്‍ യുഎഇ പ്രോ ലീഗ് ക്ലബ്ബുകളുമായി മൂന്ന് പരിശീലന മത്സരങ്ങള്‍ മഞ്ഞപ്പട കളിക്കും. മത്സരങ്ങള്‍ നടക്കുന്ന തീയതികളുടെയും ടീമുകളുടെയും കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ തയ്യാറെടുപ്പുകള്‍ കഴിഞ്ഞമാസം പകുതിയോടെ ആരംഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച സീസണിലെ ആദ്യ പരിശീലന മത്സരത്തില്‍ മഹാരാജാസ് കോളേജുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടിയിരുന്നു. മറുപടിയില്ലാത്ത എട്ടുഗോള്‍ വിജയമാണ് ഈ കളിയില്‍ മഞ്ഞപ്പട നേടിയത്. മലയാളി താരങ്ങളായ രാഹുല്‍ കെപി, ബിജോയ് വര്‍ഗീസ്, ബിദ്യാസാഗര്‍ സിഗ് എന്നിവര്‍ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ അഡ്രിയാന്‍ ലൂണയുടെയും, ദിമിതിയോസ് ഡയമാന്റകോസിന്റെയും വകയായിരുന്നു ശേഷിക്കുന്ന ഗോളുകള്‍.