ബെയ്ജിങ്: ജോലിസ്ഥലത്ത് ഐഫോൺ കൊണ്ടു വരുന്നതിനു വിലക്കേർപ്പെടുത്തി ചൈനീസ് കമ്പനികൾ. ഐഫോണുകൾക്ക് പകരമായി പ്രാദേശിക ബ്രാൻഡുകൾ നിർമിച്ച ഫോണുകൾ ഉപയോഗിക്കണമെന്നുമാണ് റിപ്പോർട്ട്. എട്ട് ചൈനീസ് പ്രവിശ്യകളിലുള്ള നിരവധി ഫോൺ കമ്പനികളും സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റുകളുമാണ് പുതിയ നീക്കവുമായി രംഗത്തെത്തിയത്. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ച സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുററയ്ക്കാനായാണ് ചൈനയുടെ പുതിയ തീരുമാനം.
സെജിയാങ്, ഗ്വാങ്‌ഡോങ്, ജിയാങ്‌സു, അൻഹുയി, ഷാൻസി, ഷാൻഡോങ്, ലിയോണിങ് എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയുള്ള സെൻട്രൽ ഹെബെയ് എന്നീ പ്രവിശ്യകളിലെ ചൈനീസ് ഏജൻസികളും സർക്കാർ പിന്തുണയുള്ള കമ്പനികളുമാണ് ഐഫോൺ അടക്കമുള്ള വിദേശ നിർമിത വിലക്ക് ഏർപ്പെടുത്തിയത്. കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരോട് ജോലിസ്ഥലത്ത് ഐഫോൺ ഉപയോഗിക്കരുതെന്ന് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹ്വാവേ ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനയുടെ പ്രധാന ലക്ഷ്യം.
ബാങ്കുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളോട് പ്രാദേശിക സോഫ്‌റ്റ്‌വെയറിലേക്ക് മാറാൻ ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ആഭ്യന്തരമായുള്ള നിർമാണവും രാജ്യം കാര്യമായി പ്രോത്സാഹിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.