പാലക്കാട്: ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. മണ്ണാർക്കാട് വാക്കടപ്പുറത്ത് ആണ് കൊലപാതകം നടന്നത്. ജാർഖണ്ഡ് സ്വദേശിയായ അരവിന്ദ്കുമാറാണ് മരിച്ചത്. സഹപ്രവർത്തകനായ മറ്റൊരു ജാർഖണ്ഡ് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.(Dissatisfaction with co-worker doing good job; The migrant worker was stabbed to death)
ജാർഖണ്ഡിൽ നിന്ന് പാലക്കാട് മണ്ണാർക്കാടുള്ള പൈനാപ്പിൾ തോട്ടത്തിൽ ജോലിക്കെത്തിയതാണ് അരവിന്ദ് കുമാറും സുരേഷും ഉൾപ്പെടെ അഞ്ചംഗ സംഘം. അരവിന്ദ് കുമാർ ജോലിയിൽ കൂടുതൽ മികവ് കാണിക്കുന്നതിൽ കൂടെയുള്ള മറ്റുള്ളവരും അതൃപ്തരായിരുന്നു. ജോലി ചെയ്തില്ലെങ്കിൽ പിരിച്ചുവിടുമെന്ന് തോട്ടം ഉടമ സുരേഷിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം സുരേഷും അരവിന്ദും തമ്മിൽ വാക്കുതർക്കമുണ്ടായി. കയ്യാങ്കളിയിലേക്ക് കടന്ന തർക്കത്തിന് ഒടുവിൽ അരവിന്ദിന്റെ കഴുത്തിലേക്ക് സുരേഷ് മദ്യക്കുപ്പി കുത്തിയിറക്കുകയായിരുന്നു.
അരവിന്ദിന്റെ ശബ്ദം കേട്ട് മറ്റു തൊഴിലാളികൾ ഓടിയെത്തി തോട്ടം ഉടമയെ വിവരമറിയിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച അരവിന്ദിനെ ആദ്യം കാരാകുറുശ്ശിയിലെയും വട്ടമ്പലത്തെയും ആശുപത്രികളിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുപ്പികൊണ്ട് സ്വയം കുത്തിയെന്നാണ് കൂടെയുണ്ടായിരുന്നവർ ആദ്യം പറഞ്ഞതെങ്കിലും സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.