മലയാള സിനിമ സംവിധായകൻ ഷാഫി (56) അന്തരിച്ചു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു അന്ത്യം. ഒരാഴ്ച മുൻപ് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തുടരവേയാണ് മരണം.Director Shafi passes away
സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനായ അദ്ദേഹം അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദീഖിന്റെ മരുമകനാണ്.
1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് ഷാഫിയുടെ ജനനം. റഷീദ് എം.എച്ച്. എന്നതാണ് യഥാർത്ഥ പേര്.
സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷാഫി യുടെ സിനിമ ജീവിതം ആരംഭിക്കുന്നത് രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്. തുടർന്ന് 2001 ൽ ജയറാം നായകനായ വൺമാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.
മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങി ബോക്സ് ഓഫിസിൽ വമ്പൻ വിജയം നേടി. ഷാഫിയുടെ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്.
2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.
മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ബിടിഎസ് റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഇന്ന് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ ഷാമില. മക്കൾ: അലീമ ഷെറിൻ, സൽമ ഷെറിൻ. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ.