കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കുമ്പോൾ ചെന്നെത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റർഫേസുകളിലേക്കാണെന്ന പരാതികളാണ് ഇപ്പോൾ ഉയർന്നു വരുന്നത്. ഗൂഗിൾ ഡോക്സ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ സെർച്ച് ചെയ്യുമ്പോഴാണ് ബെറ്റിംഗ് ആപ്പുകളിൽ ചെന്നെത്തുന്നത്.
സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബെറ്റിംഗ് ആപ്പ് സൈറ്റുകൾക്ക് ആക്സസ് നല്കിയതാകാം കാരണമെന്നാണ് വിഷയത്തിൽ ലഭിക്കുന്ന സൂചന. വിജിലൻസ്, റവന്യൂ വകുപ്പുകളുടെ വെബ്സൈറ്റുകളിലാണ് ബെറ്റിംഗ് ആപ്പുകൾ പ്രത്യക്ഷപ്പെടുന്നത്. എസ്ഇആർടി വെബ്സൈറ്റ് തുറന്നാലും ഇതേ അവസ്ഥ തന്നെയാണ് കാണാനാവുക.
ബെറ്റിംഗ് ആപ്പുകൾക്ക് നിരോധനമുള്ള സാഹചര്യത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ തന്നെ ഇങ്ങനെ ഒരു അവസ്ഥ വന്നത് സർക്കാറിൻ്റെ ജാഗ്രതക്കുറവാണ് എന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്. മേഘാലയ സർക്കാരിൻ്റെ ട്രഷറി സൈറ്റിലും ഇതേ അവസ്ഥ തന്നെയാണ് കാണാനാവുക.