ചെന്നൈ: മകന്റെ ഗ്രാജുവേഷൻ ചടങ്ങിന് ഒരുമിച്ച് പങ്കെടുത്ത് നടൻ ധനുഷും മുൻഭാര്യ ഐശ്വര്യ രജനികാന്തും. മകനെ ഇരുവരും ചേർന്ന് കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.
ചെന്നൈ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലാണ് യാത്ര പഠിച്ചിരുന്നത്. പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
വേർപിരിഞ്ഞശേഷം ഇതാദ്യമായാണ് ഐശ്വര്യക്കൊപ്പമുള്ള ഒരു ചിത്രം ധനുഷ് പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയത്.
ഇതേ ചിത്രം രജനികാന്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. അഭിനന്ദനങ്ങൾ യാത്ര കണ്ണാ’ എന്നാണ് രജനികാന്ത് കുറിച്ചിരിക്കുന്നത്.
2022-ലാണ് ധനുഷും ഐശ്വര്യയും 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. തുടർന്ന് 2024-ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. യാത്രയെക്കൂടാതെ ലിംഗ എന്നൊരു മകൻ കൂടി ഇരുവർക്കുമുണ്ട്.