ന്യൂഡല്‍ഹി: ശാരീരിക ബന്ധത്തിന് ഒരാൾ നൽകുന്ന സമ്മതം അയാളുടെ സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്താനുള്ള ലൈസൻസല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
വിവാഹിതയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുത്ത്
അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ഈ സുപ്രധാന നിരീക്ഷണം.
ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നടത്തുന്ന ശാരീരിക ബന്ധം ഒരിക്കലും ഉഭയസമ്മതപ്രകാരമുള്ളതാണെന്ന് കരുതാനാവില്ല
പരാതിക്കാരിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നും, അതിനാൽ ലൈംഗിക അതിക്രമം എന്ന കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
എന്നാൽ ഈ വാദത്തെ കോടതി കർശനമായി എതിർത്തു. സ്വകാര്യ ദൃശ്യങ്ങളോ ചിത്രങ്ങളോ കാണിച്ച് ഭീഷണിപ്പെടുത്തി ഒരാളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചാൽ,
ആ ബന്ധം ഒരിക്കലും നിയമത്തിന് മുന്നിൽ ‘ഉഭയസമ്മതപ്രകാരം’ (Consensual) ഉള്ളതായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഭയത്തിന്മേൽ കെട്ടിപ്പൊക്കിയ സമ്മതം യഥാർത്ഥ സമ്മതമല്ലെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ നിരീക്ഷിച്ചു.
മാനഹാനി ഭയന്ന് യുവതി വഴങ്ങിയത് സമ്മതമായി കാണാനാവില്ലെന്നും വിഡിയോ പുറത്താകുമെന്ന പേടി ബലാത്സംഗത്തിന് തുല്യമായ സാഹചര്യമുണ്ടാക്കിയെന്നും കോടതി
പ്രതിയുടെ കൈവശമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെയോ ബന്ധുക്കൾക്കിടയിലോ പ്രചരിപ്പിക്കപ്പെട്ടാൽ തനിക്കുണ്ടാകുന്ന ആജീവനാന്ത അപമാനത്തെക്കുറിച്ച് യുവതിക്ക് വലിയ ഭയമുണ്ടായിരുന്നു.
ഈ ഭയം മൂലമാണ് അവർ പ്രതിക്ക് വഴങ്ങിക്കൊടുത്തത്. ഇത്തരം സാഹചര്യങ്ങളിൽ യുവതി നൽകുന്ന സമ്മതം പൂർണ്ണമനസ്സോടെയുള്ളതല്ല.
വിഡിയോ പുറത്തുവന്നാൽ തന്റെ അന്തസ്സ് തകരുമെന്ന ഭീതി നിലനിൽക്കുമ്പോൾ, അവിടെ സ്വതന്ത്രമായ തീരുമാനത്തിന് പ്രസക്തിയില്ലെന്ന് കോടതി വിലയിരുത്തി.
വിദേശത്തിരുന്ന് വിഡിയോ കോളിലൂടെ ദൃശ്യങ്ങൾ പകർത്തി; നാട്ടിലെത്തിയ ശേഷം നിരന്തരമായ ബ്ലാക്‌മെയിലിംഗും ശാരീരിക ചൂഷണവും
കേസിന്റെ പശ്ചാത്തലം ഇങ്ങനെയാണ്: വിദേശത്തായിരുന്ന പ്രതി, വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീഡിയോ കോളിലൂടെ അവരുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയെടുക്കുകയും ചെയ്തു.
2023 അവസാനത്തോടെ ഡൽഹിയിലെത്തിയ പ്രതി, ഈ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് കാട്ടി യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി.
ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തു.
കൂടാതെ, താൻ ഇയാളിൽ നിന്ന് പണം വാങ്ങിയെന്ന് നിർബന്ധിതമായി സമ്മതിപ്പിക്കുന്ന മറ്റൊരു വീഡിയോയും പ്രതി ചിത്രീകരിച്ചു.
ഒടുവിൽ ഈ ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് അവരെ സമൂഹമധ്യത്തിൽ അപമാനിച്ചതായും പരാതിയിൽ പറയുന്നു.
English Summary
In a significant ruling, the Delhi High Court stated that consenting to a physical relationship does not grant permission to record private moments. Presiding over a case where a man blackmailed a married woman using leaked videos, Justice Swarana Kanta Sharma denied him bail. The court clarified that sexual acts performed under the threat of leaking private content cannot be deemed “consensual,” as the victim’s submission is driven by fear of social stigma rather than free will.









