കൊല്ലം ∙ മുഴുവൻസമയ പാർട്ടിപ്രവർത്തനത്തിനായി ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സി.പി.എം.
പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു മധുര പാർട്ടി കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത്.
മുഴുവൻസമയ പ്രവർത്തകരെ കിട്ടുന്നില്ലെന്നും മാന്യമായ പ്രതിഫലം നൽകാനാകുന്നില്ലെന്നും ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പരാതിപ്പെട്ടിരുന്നു.
ഇതോടെയാണ് മുഴുവൻസമയ പ്രവർത്തകർ പ്രഫഷനൽ വിപ്ലവകാരികൾ ആണെന്നു വിശേഷിപ്പിച്ചാണു നിലവിലുള്ളവർക്ക് പുറമേ കൂടുതൽപേരെ റിക്രൂട്ട് ചെയ്യാൻ പാർട്ടി തീരുമാനിച്ചത്.
വിപ്ലവകാരികൾ വിരമിക്കുമ്പോൾ പാർട്ടിഘടകങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകണം. ബിജെപിയും ആർഎസ്എസും പിടിമുറുക്കുന്നതായി വിലയിരുത്തിയ പട്ടികവിഭാഗ – ആദിവാസി – വനിതാ മേഖലകളിൽ കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കാനും തീരുമാനമുണ്ട്.
കേരളത്തിൽ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങളിൽ സാമ്പത്തിക സ്ഥിതിയനുസരിച്ച് മുഴുവൻസമയ പ്രവർത്തകർക്ക് എല്ലാ മാസവും അലവൻസ് നൽകാറുണ്ട്.
ജനപ്രതിനിധികളോ പ്രതിഫലമുള്ള പദവികൾ വഹിക്കുന്നവരോ ആണെങ്കിൽ അത് നൽകാറില്ല. അലവൻസ് നൽകുന്നതിന് ആന്ധ്രപ്രദേശ് ഈയിടെ നടത്തിയ ഫണ്ടുശേഖരണം മാതൃകയാക്കണമെന്നു പാർട്ടി കോൺഗ്രസ് നിർദേശിച്ചിരുന്നു.
പൊതുജനങ്ങളിൽനിന്നു ഫണ്ട് ശേഖരിക്കുന്നതിലും അതിന്റെ കണക്കു സൂക്ഷിക്കുന്നതിലും സംസ്ഥാന കമ്മിറ്റികൾ അതീവ ജാഗ്രത പുലർത്തണമെന്നു പാർട്ടി കോൺഗ്രസ് കർശന നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ പലവിധ തടസ്സങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഓഡിറ്റ് ചെയ്ത കണക്കു സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും കണക്കുകൾ സൂക്ഷിക്കാൻ പ്രത്യേകം ആളെ ചുമതലപ്പെടുത്തണമെന്നും നിർദേശമുണ്ട്.
സിപിഎമ്മിനു രാജ്യത്താകെ 10,473 മുഴുവൻസമയ പ്രവർത്തകരുണ്ട്. കേരളത്തിൽ 6129, ബംഗാളിൽ 1428, ആന്ധ്രപ്രദേശിൽ 721, തെലങ്കാനയിൽ 640, തമിഴ്നാട്ടിൽ 555, ത്രിപുരയിൽ 527 പേർ വീതമുണ്ട്.