വൈറ്റില ∙ സിഐടിയു ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പൂണിത്തുറയിൽ ചേർന്ന സിപിഎം ഫ്രാക്‌ഷൻ യോഗത്തിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്‌മണി പങ്കെടുത്ത യോഗത്തിലാണു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് നടന്നത്. ഇരു ചേരികളും കസേര കൊണ്ട് പരസ്പരം അടിക്കുകയായിരുന്നു. സിഐടിയു ഭാരവാഹി തിരഞ്ഞെടുപ്പു സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിലെ തർക്കമാണു അക്രമത്തിൽ കലാശിച്ചത്.
ലോക്കൽ കമ്മിറ്റി അഡ്ഹോക് സെക്രട്ടറി ടി.സി. ഷിബുവും ഫ്രാക്‌ഷൻ യോഗത്തിന് എത്തിയിരുന്നു. തർക്കം കയ്യാങ്കളിയായതോടെ ജനറൽ ബോഡി യോഗം നടത്താനാവാതെ പിരിച്ചുവിട്ടു. ചേരിതിരിഞ്ഞുള്ള കസേരയേറിൽ 4 പേർക്കാണ് പരുക്കേറ്റത്.
ഗുരുതരമായഅഴിമതി ആരോപണത്തെത്തുടർന്നു പി. കെ. സാബു, പി.ടി. കിഷോർ, പി. ദിനേശൻ എന്നിവരെ സിഐടിയു നേതൃ സ്ഥാനത്തുനിന്നു നേരത്തേ മാറ്റിയിരുന്നു.ഇവർക്ക് പകരം വൈറ്റില ലോക്കൽ സെക്രട്ടറി സുധി കുമാർ, ലോക്കൽ കമ്മിറ്റി അംഗം പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയാണു പ്രവർത്തിച്ചിരുന്നത്. ഇവരെ മാറ്റി , ആരോപണ വിധേയരെ വീണ്ടും നേതൃ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നീക്കം എതിർ വിഭാഗം ചോദ്യം ചെയ്തതോടെയാണു സംഘർഷമുണ്ടായത്.