പഴയ പിടിവാശി ഒന്നുമില്ല; എങ്ങനെയെങ്കിലും ജയിച്ചാൽ മതി; ചില പാർട്ടി കോട്ടകളിൽ പരീക്ഷണങ്ങൾക്ക് സാധ്യത
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ ഉറപ്പാക്കാൻ പാർട്ടി ചട്ടങ്ങളിൽ ഇളവുകൾ നൽകാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം.
തുടർച്ചയായി രണ്ട് തവണ മത്സരിച്ചാൽ മാറ്റിനിർത്തണമെന്ന നിബന്ധനയിൽ ഇളവ് അനുവദിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾ വീണ്ടും മത്സരരംഗത്ത് ഉണ്ടാകുമെന്ന് വ്യക്തമായി.
മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യവും നിലവിലെ എംഎൽഎമാരുടെ പ്രവർത്തനമികവും വിലയിരുത്തിയ ശേഷമായിരിക്കും ഇളവ് നൽകുക.
നിലവിലെ പാർട്ടി മാനദണ്ഡമനുസരിച്ച് സംഘടനാ ചുമതലക്കാർക്ക് 75 വയസ്സ് പരിധിയും നിയമസഭയിലേക്ക് തുടർച്ചയായി രണ്ട് തവണ മത്സരിച്ചാൽ എത്ര വലിയ നേതാവായാലും മാറ്റി നിർത്തണമെന്നതുമാണ് വ്യവസ്ഥ.
കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്നതായിരുന്നു ഇതുവരെ സിപിഎമ്മിന്റെ നിലപാട്. എന്നാൽ തുടർച്ചയായി മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്ന സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പിൽ പാർട്ടി കർശനതയിൽ ഇളവ് വരുത്തുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച 60 പേരിൽ 23 പേർ രണ്ട് തവണ തുടർച്ചയായി ജയിച്ചവരാണ്.
പ്രായപരിധിയിൽ നൽകിയ ഇളവ് മുഖ്യമന്ത്രിയായ പിണറായി വിജയന് ഈ തെരഞ്ഞെടുപ്പിലും ബാധകമാകും.
ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ രണ്ട് ടേം പൂർത്തിയാക്കിയ ചില നേതാക്കൾക്കും വീണ്ടും അവസരം ലഭിക്കാൻ സാധ്യതയുണ്ട്.
മാനന്തവാടിയിൽ ഒ.ആർ. കേളു, കോതമംഗലത്ത് ആന്റണി ജോൺ, ഇരവിപുരത്ത് എം. നൗഷാദ്, വാമനപുരത്ത് ഡി.കെ. മുരളി, കാട്ടാക്കടയിൽ ഐ.ബി. സതീഷ് എന്നിവർ തുടരാൻ സാധ്യതയുള്ളവരുടെ പട്ടികയിലാണ്.
ജില്ലാ സെക്രട്ടറിയായതിനാൽ വർക്കലയിൽ വി. ജോയി മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ നിലനിർത്തണമോ ഒഴിവാക്കണമോ എന്നതും പാർട്ടിയിൽ ചർച്ചയാകും.
പേരാമ്പ്രയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനെ മൂന്നാം തവണയും മത്സരിപ്പിച്ചാൽ അത്ഭുതമില്ല. ഉടുമ്പൻചോലയിൽ എം.എം. മണിക്ക് പകരം പുതിയ മുഖം വരാൻ സാധ്യതയുണ്ട്.
അതേസമയം യു. പ്രതിഭ, എം. മുകേഷ് എന്നിവർ ഒഴിവാക്കൽ പട്ടികയിൽ ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നു. ചില പാർട്ടി കോട്ടകളിൽ പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ടെന്നും കെ.കെ. ശൈലജ, എ.എൻ. ഷംസീർ എന്നിവർ മാറിയേക്കാമെന്നും വിലയിരുത്തലുണ്ട്.
തലശ്ശേരി മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പേരും സജീവമായി പരിഗണിക്കപ്പെടുന്നു.
English Summary
The CPI(M) is considering relaxing its internal norms to maximize seat wins in the upcoming Kerala Assembly elections. Despite rules limiting consecutive terms, Chief Minister Pinarayi Vijayan and several two-term MLAs are likely to contest again based on constituency dynamics and performance. As the party aims for a third consecutive term in power, flexibility has been introduced in candidate selection, with both continuations and replacements under discussion across key constituencies.
cpim-relaxes-term-norms-kerala-assembly-election
CPM, Kerala Assembly Election, Pinarayi Vijayan, CPI(M) Candidates, Left Front, Kerala Politics, MLA Selection









