ആലപ്പുഴ: സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവത്തിൽ ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം. സിഐ എസ് സജികുമാറിനെതിരെയാണ് നടപടി. എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്കാണ് സജികുമാറിനെ സ്ഥലം മാറ്റിയത്.(CPI-CPM leaders beaten up incident; Alappuzha North CI transferred)
സമരത്തിനിടെ സിപിഐ, സിപിഎം നേതാക്കളെ സര്‍ക്കിൾ ഇൻസ്പെക്ടർ മർദ്ദിച്ചിരുന്നു. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ – സിപിഎം പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണയിലായിരുന്നു പോലീസ് ബലപ്രയോഗം നടത്തിയത്. ഈ സംഭവം വലിയ തോതിൽ വിവാദമായിരുന്നു.
അതേസമയം സിപിഎം നേതാവിനെതിരെ പീഡന പരാതിയിൽ എസ് സജികുമാർ കേസെടുത്തിരുന്നു. സിപിഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് എം ഇഖ്ബാലിനെതിരെയാണ് കേസെടുത്തത്. ലൈംഗിക പീഡനപരാതിയിൽ ഇരയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചെന്നും ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു.