പാലക്കാട്: പ്ലസ് ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു. പാലക്കാട് കൂറ്റനാടാണ് സംഭവം നടന്നത്. കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ഒത്തുതീർപ്പിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.(Clash between Plus Two students in Palakkad; One student was stabbed)
കുമരനല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ, മേഴത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും പ്ലസ് ടു വിദ്യാർത്ഥികൾ സംഘർഷം നടന്നിരുന്നു. പക വീട്ടുമെന്ന് പറഞ്ഞുകൊണ്ട് ഇരുകൂട്ടരും ഇൻസ്റ്റഗ്രാം റീലുകളും പങ്കുവെച്ചിരുന്നു. എന്നാൽ രക്ഷിതാക്കളും അധ്യാപകരും ഇടപ്പെട്ടതിനെ തുടർന്ന് റീലുകൾ ഇരുവരും പിൻവലിച്ചു.
തുടർന്ന് ഒത്തുതീർപ്പിനായി ഇരുസ്കൂളിലെയും വിദ്യാർഥികൾ ഇന്ന് വൈകീട്ട് കൂറ്റനാട് മല റോഡിൽ എത്തിച്ചേർന്നു. ഇവിടെ വെച്ച് ഉണ്ടായ സംഘർഷത്തിനിടെ മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് കുത്തേൽക്കുകയായിരുന്നു. ബാസിത്തിന്റെ വയറിനാണ് കുത്തേറ്റത്.
പരിക്കേറ്റ വിദ്യാർത്ഥിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് വിദ്യാർത്ഥികളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.