തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോൾ എൽഡിഎഫിന് മുൻതൂക്കം. 11 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. 9 മണ്ഡലങ്ങളിൽ യുഡിഎഫും. ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ചാലക്കുടി, തൃശൂർ, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. തുടക്കത്തിൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി ലീഡ് ചെയ്തെങ്കിലും പിന്നീട് പുറകോട്ട് പോയി.
ഓരോ റൗണ്ടിലും എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പാക്കും. അതു കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൽറ്റ് റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും 5 പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണു കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിനുശേഷമാവും അന്തിമവിധി പ്രഖ്യാപനം.