കുറേക്കാലമായി നമ്മെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ പ്രധാന കാരണക്കാരൻ കൊതുകുതന്നെയാണ്. ഈഡിസ് ഈജിപ്തി, ഈഡിസ് അൽബോപിക്ടസ് എന്നീ രണ്ടുതരം പെൺ കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. രോഗവ്യാപനം എല്ലാവർഷവും ഉണ്ടാകാറുണ്ടെങ്കിലും ഇതുവരെ പൂർണ്ണമായും ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ കൊതുകുകൾ പരത്തുന്ന ഈ വിപത്തിനെ രോഗബാധിതരായ കൊതുകുകൾ കൊണ്ട് തന്നെ നേരിടാനുള്ള മലേഷ്യയുടെ സമൂലമായ പദ്ധതിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ മലേഷ്യയിൽ അത്തരമൊരു പദ്ധതി വിജയം കണ്ടിരിക്കുകയാണ്. കൊതുകുകളെ ഉപയോഗിച്ചുതന്നെയാണ് മലേഷ്യൻ ഗവേഷകർ ഇതിനു പരിഹാരം കണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ വസ്തുത. വോൾബാച്ചിയ ബാക്റ്റീരിയ ബാധിച്ച കൊതുകുകളാണ് ഡെങ്കി വൈറസ്സിനെതിരെ പൊരുതുന്നത്.
ചില കൊതുകുകൾ, ഫലീച്ചകൾ, പാറ്റകൾ, ഡ്രാഗൺഫ്ലൈകൾ, ചിത്രശലഭങ്ങൾ എന്നിവയുൾപ്പെടെ 50 ശതമാനം പ്രാണികളിൽ സ്വാഭാവികമായി കാണപ്പെടുന്ന വളരെ സാധാരണമായ ബാക്ടീരിയയാണ് വോൾബാച്ചിയ. വോൾബാച്ചിയ മനുഷ്യർക്കും പരിസ്ഥിതിക്കും സുരക്ഷിതമാണ്. വോൾബാച്ചിയ ബാക്ടീരിയ ബാധിച്ച ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകുന്നത്. ഈ കൊതുകുകൾക്കുള്ളിൽ വോൾബാച്ചിയ എന്ന പ്രകൃതിദത്ത ബാക്ടീരിയ വസിക്കുന്നു. വോൾബാച്ചിയ ബാധിച്ച കൊതുകുകൾ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുമായി ഇണചേരുമ്പോൾ ഈ ബാക്ടീരിയ ഈഡിസ് കൊതുകുകളുടെ ഉള്ളിൽ എത്തുന്നു. ഇത് ഡെങ്കി വൈറസിന് ഈഡിസ് കൊതുകിന്റെയുളളിൽ പെരുകാൻ ഒരു ബാരിയർ ആയി വർത്തിക്കുന്നു. ഇത് മനുഷ്യരിലേക്ക് ഡെങ്കിപ്പനി പകരാനുള്ള ഈഡിസ്കൊതുകിന്റെ കഴിവ് കുറയ്ക്കുന്നു.
ഈ വോൾബാച്ചിയ ബാധിച്ച കൊതുകുകളെ ഡെങ്കിപ്പനി സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് വിടുന്നത് ഡെങ്കി വൈറസ് ബാധിച്ച ഈഡിസ് കൊതുകുകളുടെ എണ്ണം കുറയ്ക്കാനും അതുവഴി ഡെങ്കിപ്പനി പകരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ഡെങ്കിപ്പനി വ്യാപനത്തിന്റെ വ്യാപനം ഗണ്യമായി കുറയ്ക്കാൻ വോൾബാച്ചിയയ്ക്ക് കഴിയുമെന്ന് വിപുലമായ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.