തിരുവനന്തപുരം:പഴമക്കാരുടെ പേടി സ്വപ്‌നമായിരുന്ന “കൂടോത്രം” കോൺഗ്രസിനെയും വരിഞ്ഞു മുറുക്കുകയാണ്. പല നേതാക്കളും കൂടോത്രത്തിൻറെ ഇരകൾ ആയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
കൂടോത്രത്തിന് പിന്നിലെ കൈകളെ തേടുകയാണ് കോൺഗ്രസ്. സംസ്ഥാന രാഷ്ട്രീയം തെരഞ്ഞെടുപ്പു വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കോൺഗ്രസിൽ വീണ്ടും കൂടോത്ര വിവാദം കത്തുന്നു. സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവിനെ ചറ്റിപ്പറ്റിയാണ് ഇപ്പോൾ വിവാദം പുകയുന്നത്.
ദേശീയ തലത്തിൽ പ്രധാന ഉത്തരവാദിത്വം വഹിക്കുന്ന ഒരു നേതാവിനെതിരെ ആൾരൂപം വെച്ച് കൂടോത്രം ചെയ്യിപ്പിച്ചുവെന്നതാണ് ഇപ്പോഴത്തെ പ്രധാന ആരോപണം.
ഇത് കൂടാതെ വി.എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന ചാനൽ ചർച്ചകളിൽ ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടുന്ന കൂലി നിരീക്ഷകനെ ഉപയോഗിച്ച് നേതാക്കളെ വിലകുറഞ്ഞ ഭാഷയിൽ വിമർശിക്കുന്നതിന് പിന്നിലും നേതാവിന്റെ പിൻബലമുണ്ടെന്ന ആക്ഷേപവും പ്രകടമാണ്.
കെ.പി.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റ സണ്ണി ജോസഫിനെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അധിക്ഷേപിച്ചു കൊണ്ട് സംസാരിക്കുന്ന ഈ നിരീക്ഷകന്റെ വീഡിയോയാണ് നിലവിൽ അവസാനമായി പുറത്ത് വന്നിട്ടുള്ളത്.
വി.ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നതിന് പിന്നാലെയും ഈ നേതാവിന്റെ തലസ്ഥാനത്തുള്ള വസതിയിൽ ഹോമം നടന്നതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
ദേശീയ നേതാവ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാതിരിക്കാനാണ് അടുത്തിടെ ആൾരൂപമുപയോഗിച്ച് കൂടോത്രം നടത്തിയെന്ന ആക്ഷേപവും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
നേരത്തെയും കോൺഗ്രസിൽ ഇത്തരം പ്രവണതകൾ ശക്തമായിരുന്നു. മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരായ വി.എം സുധീരൻ, കെ.സുധാകരൻ എന്നിവർക്കെതിരെയും ഇത്തരം കടുത്ത പ്രയോഗങ്ങൾ നടന്നിട്ടുണ്ട്.
വി.എം സുധീരന്റെ പറമ്പിൽ നിന്നും ആൾരൂപമടക്കം ലഭിച്ചതായി അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഒന്നിൽ കൂടുതൽ തവണ ഇത്തരം പ്രവണതകൾ ഉണ്ടായതോടെ അദ്ദേഹം അന്ന് ഇക്കാര്യത്തെ പറ്റി ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു.
കെ.സുധാകരന്റെ മേശയ്ക്ക് അടിയിൽ നിന്നും ഇത്തരം ആൾരൂപങ്ങൾ ലഭിച്ചിരുന്നു. അതിന് പുറമേ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കൂടോത്രം കണ്ടെടുത്തു. കുടോത്രം കുഴിച്ചെടുക്കുമ്പോൾ സുധാകരൻ സംസാരിക്കുന്നതടക്കമുള്ള ഒരു വീഡിയോ പുറത്ത് വന്നതും പാർട്ടിക്ക് അന്ന് ക്ഷീണം ചെയ്തിരുന്നു.
സമൂഹമാദ്ധ്യമ ഇടങ്ങളിലടക്കം വലിയ പരിഹാസമാണ് ഇക്കാര്യത്തെ തുടർന്ന് പാർട്ടിക്കും നേതാക്കൾക്കുമെതിരെ അന്ന് ഉണ്ടായത്. എന്തായാലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു കൂടോത്ര വിവാദം കൂടിയാണ് പാർട്ടിയെ ചൂഴ്ന്ന് നിൽക്കുന്നത്.
കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ തൊടുത്തുവിട്ട കൂടോത്ര വിവാദം രാജ്‌മോഹൻ ഉണ്ണിത്താനും കെപിസിസി അധ്യക്ഷൻ സുധാകരൻറെ വീടും കടന്ന് യൂത്ത് കോൺഗ്രസിൽ വരെ എത്തിനിയിരുന്നു.
കൂടോത്രത്തിന് പിന്നിൽ കോൺഗ്രസ് നേതാവാണെന്ന കാര്യങ്ങൾ കൂടി പുറത്തു വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കൂടോത്ര വിവാദം കത്തുമെന്ന് ഉറപ്പ്.
നേരത്തെയും കുടോത്ര വിവദങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടോത്ര വിവാദത്തിൽ നേതാക്കന്മാർക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു.
പണി എടുക്കാതെ കൂടോത്രം ചെയ്‌താൽ പാർട്ടി നന്നാവില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കിയുടെ രൂക്ഷവിമർശനം. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെന്ന് നേതാക്കൾ മനസിലാക്കണമെന്നും അബിൻ കടുത്ത വിമർശനമുന്നയിച്ചിരുന്നു.
തുടക്കം കാസർകോട് നിന്ന് : പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്തായ ബാലകൃഷ്‌ണൻ പെരിയയാണ് കോൺഗ്രസിൽ കൂടോത്രം ഉണ്ടെന്ന കാര്യം പുറത്തു വിട്ടത്.
രാജ്‌മോഹൻ ഉണ്ണിത്താനെ ലക്ഷ്യം വച്ചായിരുന്നു അന്നത്തെ പരാമർശം. അന്ന് കൂടോത്രം വലിയ ചർച്ച ആയില്ലെങ്കിലും പിന്നീട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ സംഭവ വികസങ്ങൾക്ക് വഴിവച്ചു.
കെ സുധാകരൻറെ കണ്ണൂരിലെ വീട്ടുവളപ്പിൽ നിന്ന് ചില വസ്‌തുക്കൾ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. ആ സമയത്ത് രാജ്‌മോഹൻ ഉണ്ണിത്താനും സുധാകരനൊപ്പം ഉണ്ടായിരുന്നു.
ആർക്കും തന്നെ അപായപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു സംഭവത്തിൽ കെ സുധാകൻറെ അന്നത്തെ പ്രതികരണം. പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ കെപിസിസി പ്രസിഡൻറ് ആയ സമയത്തും കൂടോത്രങ്ങൾ ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
തിരുവനന്തപുരത്തെ ഗൗരീശപട്ടത്ത് സുധീരൻറെ വീട്ടിൽ ഭാര്യ പരിപാലിക്കുന്ന വിശാലമായ പൂന്തോട്ടമുണ്ട്. ഇതിനോട് ചേർന്നുള്ള വാഴയുടെ ചുവട്ടിൽ നിന്നാണ് കൂടോത്ര വസ്‌തുക്കൾ അന്ന് കണ്ടെത്തിയത്.
എട്ടു തവണ കൂടോത്രം നടന്നിട്ടും സുധീരൻ പുറത്തു പറഞ്ഞില്ല. ഗതികെട്ടതോടെ ഒരു തവണ പുറത്തു പറഞ്ഞു. മന്ത്രവാദിയുമായി കോൺഗ്രസിലെ മുതിർന്ന നേതാവ് എത്തിയെന്നും കഥയുണ്ട്. നിരവധി കോൺഗ്രസ് നേതാക്കൾ കൂടോത്രത്തിന് ഇരയാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
എന്നാൽ അന്ന് രാജ്‌മോഹൻ ഉണ്ണിത്താനോട് സംഭവത്തെപ്പറ്റി ചോദിച്ചപ്പോൾ ‘നോ കമൻറ്‌സ്’ എന്നായിരുന്നു മറുപടി. കൂടാതെ സുധാകരൻറെ വീട്ടിൽ നിന്നുള്ള കൂടോത്ര വീഡിയോ പുറത്തു വിട്ട ആൾ ആരാണെന്ന് പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാം എന്നുള്ള മറുപടിയും വന്നിരുന്നു.
രാജ്‌മോഹൻ ഉണ്ണിത്താനും കൂടോത്രം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതോടു കൂടി കൂടോത്ര വിവാദം അവസാനിച്ചുവെന്ന് തോന്നിയെങ്കിലും തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസും രംഗത്ത് വരികയായിരുന്നു.
കൂടാതെ സംസ്ഥാന രാഷ്‌ട്രീയത്തിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ നടന്ന ആദ്യ കൂടോത്രമല്ല ഇതെന്നും വിവരമുണ്ട്ണ്ട്. കഴിഞ്ഞ കുറച്ചുകാലത്തിനിടെ പല കോൺഗ്രസ് നേതാക്കളുടെയും വീടുകളിൽനിന്നു കൂടോത്ര സാമഗ്രികൾ കണ്ടെടുത്തിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. സംഭവങ്ങളിൽ കെപിസിസി ഓഫിസിൽ ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയെ പല നേതാക്കളും സംശയിക്കുന്നുണ്ട്.
ത്രു സംഹാരത്തിന് വേണ്ടി അന്യരുടെ (ശത്രുക്കളുടെ) വീട്ടുവളപ്പിൽ ചെമ്പുതകിടുകൾ ഉൾപ്പടെയുള്ള പരിഹാര യന്ത്രങ്ങൾ ദുർമന്ത്രവാദികളെ കൊണ്ട് കുഴിച്ചിടുന്നതാണ് കൂടോത്രം എന്ന് പഴമക്കാർ പറയുന്നു.
നേരത്തെയൊക്കെ ഭീതിയോടെയാണ് കൂടോത്രത്തെ കണ്ടിരുന്നത്. മുട്ടയിലും ചെമ്പിലും എന്തിന് കോഴി തലയിൽ വരെ കൂടോത്രം ഉണ്ടായിരുന്നുവത്രേ.
ഇതിന് പരിഹാരമായി മന്ത്രവാദികളെ കൊണ്ട് പൂജ നടത്തിക്കുകയും ചെയ്‌തിരുന്നു എന്നാണ് പറയപ്പെടുന്നത്. കൂടോത്രം തട്ടിയാൽ നശിക്കും എന്ന് പണ്ടുകാലത്ത് വിശ്വസിച്ചിരുന്നു.