സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാറിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. സുരക്ഷാ ഭീഷണിയുടെ ആഴം കണക്കിലെടുത്താണ് ഉയർന്ന അപകട സാധ്യതാ മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. സിഐവിഎൻ-2023-0360 വൾനറബിലിറ്റി നോട്ടിൽ ആൻഡ്രോയിഡ് 11 മുതൽ 14 വരെ വേർഷനുകളിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകളുമായി ബന്ധപ്പെട്ട ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് (knox) ഫീച്ചറിലേക്കുള്ള നിയമവിരുദ്ധ ആക്‌സസ്, ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങൾ, എആർ ഇമോജി ആപ്പിലെ പ്രശ്‌നങ്ങൾ എന്നിവയാണ് ഈ ഫോണുകൾ ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും സർക്കാർ അറിയിച്ചു.
സ്വകാര്യ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഉടൻതന്നെ ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യാൻ
കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നിർദ്ദേശിക്കുന്നു. സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും സ്വകാര്യ വിവരങ്ങൾ ചോർത്താനും സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന ഒന്നിലധികം സുരക്ഷാ ഭീഷണികൾ സാംസങ് ഉൽപ്പന്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണിന്റെ രഹസ്യ കോഡ് മോഷ്ടിക്കുന്നത് അടക്കമുള്ള ഭീഷണികളാണ് നിലനിൽക്കുന്നത്. അനിയന്ത്രിതമായി ഫയലുകൾ ആക്സസ് ചെയ്യാനും പ്രധാനപ്പെട്ട വിവരങ്ങൾ മോഷ്ടിക്കാനും അനിയന്ത്രിതമായി കോഡ് നടപ്പിക്കാനും സാധ്യതയുള്ളതിനാൽ ഉടൻ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാൻ നിർദേശമുണ്ട്.
സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്‌സി എസ്23 സീരിസ്, ഗാലക്‌സി ഫ്‌ളിപ്പ് 5, ഗാലക്‌സി ഫോൾഡ് 5 ഉൾപ്പടെയുള്ള ഫോണുകളെല്ലാം ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതാണ്.ആൻഡ്രോയ്ഡ് 11 മുതൽ ഏറ്റവും പുതിയ 14 വരെയുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലെല്ലാം ഈ പ്രശ്‌നങ്ങളുണ്ട്. അതിനാൽ ഉടൻ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്ത് മുൻകരുതലെടുക്കണമെന്നുമാണ് മുന്നറിയിപ്പ്.