അങ്കണവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ മൂന്നു വയസ്സുകാരിയുടെ കൈ അധ്യാപിക പിടിച്ചു വലിച്ചു പരിക്കേൽപ്പിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. കുട്ടിയുടെ കൈ പിടിച്ച് തിരിച്ചതായാണ് പരാതി. വേദനയെത്തുടർന്ന് കുഞ്ഞ് കരഞ്ഞെങ്കിലും ടീച്ചർ ഗൗനിച്ചില്ല എന്നും പറയുന്നു.
അധ്യാപികയ്‌ക്കെതിരെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകി. അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.
മലബാർ ഉന്നതി നിവാസികളായ അനുകൃഷ്ണ, ഷിബിൻ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. മൂന്നാംതോട് സുധി മെമ്മോറിയൽ അങ്കനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി ഉയർത്തിയത്.
ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു. വലിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നു. വീട്ടിലെത്തിയിട്ടും കുഞ്ഞ് കൈ അനക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടിക്ക് സാരമായി പരിക്കേറ്റ വിവരം അറിയുന്നത്.