വീടിന്റെ മുക്കിലും മൂലയിലും കട്ടിലിനു ഇടയിലും എന്തിനേറെ കുളിമുറിയിൽ വരെ ഒളിച്ചിരിക്കുന്ന പാറ്റ(കൂറ)യെ നമുക്ക് സുപരിചിതമാണ്. ചിലർക്ക് പാറ്റയെ കാണുമ്പോൾ ഭയമാണെങ്കിൽ മറ്റുചിലർക്ക് അറപ്പാണ്. എന്നാൽ പാറ്റയെ വറുത്തു കഴിക്കുന്നവരും ഉണ്ട്. ഇപ്പോഴിതാ പാറ്റയുണ്ടാക്കുന്ന പാലാണ് ചർച്ചാ വിഷയം.
പാറ്റയ്ക്കും പാലോ എന്നാവും പലരുടെയും സംശയം. എന്നാൽ സംഗതി സത്യമാണ്. പക്ഷെ അടുക്കളയില്‍ കാണുന്ന സാധാരണ പാറ്റയല്ല എന്നുമാത്രം. ഡിപ്ലോപ്‌റ്റെറ പന്‍ക്‌റ്റേറ്റ (Diploptera punctata) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പസിഫിക്ക് ബീറ്റില്‍ കോക്ക്‌റോച്ച് (Pacific Beetle Cockroach) ആണ് പാൽ ഉല്പാദിപ്പിക്കുന്നത്. ഇവയെ ഒറ്റ നോട്ടത്തില്‍ വണ്ടാണെന്ന് (beetle) തെറ്റിദ്ധരിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ ഇവയെ വണ്ടുപാറ്റകളെന്ന് വിളിക്കാം.
പാറ്റകള്‍ പ്രധാനമായും അഞ്ച് കുടുംബക്കാരാണ് ഉള്ളത്. അതിൽ ബ്‌ളാബെറിഡേ (Blaberidae) കുടുംബക്കാരാണ് വണ്ട് പാറ്റകള്‍. 1822-ല്‍ ഹവായ് ദ്വീപുകളില്‍ നിന്ന് എഷോള്‍ട്‌സ് (Eschscholtz) ആണ് വണ്ട് പാറ്റയെ ആദ്യമായി കണ്ടെത്തിയത്. സാമാന്യം വലിപ്പമുള്ള പാറ്റയാണ് ഡിപ്ലോപ്‌റ്റെറ പന്‍ക്‌റ്റേറ്റ. ആണ്‍പാറ്റകള്‍ക്ക് 17-19 മില്ലീമീറ്ററും പെണ്‍പാറ്റകള്‍ക്ക് 19-23 മില്ലീമീറ്ററും നീളമുണ്ടാകും.
ഇവയ്ക്ക് നിറം ഇരുണ്ട തവിട്ട് നിറമോ കറുപ്പോ ആയിരിക്കും. ഹവായ്ക്ക് പുറമേ ഓസ്ട്രേലിയ, സമോവ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലന്‍ഡ്, മ്യാന്മാര്‍, ചൈന, ഫിജി, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ ഈ പാറ്റകളെ കണ്ടെത്തിയതായാണ് വിവരം.
മറ്റുള്ള പാറ്റകളെ അപേക്ഷിച്ച് മുട്ടയിടുകയല്ല, പകരം വണ്ട് പാറ്റകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്. മുട്ടകള്‍ ശരീരത്തില്‍ സൂക്ഷിച്ച് അവ വിരിഞ്ഞശേഷം കുഞ്ഞുങ്ങളെ പുറത്തേക്ക് വിടുന്ന മറ്റ് ചില പാറ്റകളുണ്ടെങ്കിലും ഭ്രൂണങ്ങള്‍ക്ക് അമ്മപാറ്റകള്‍ നേരിട്ട് ഭക്ഷണം കൊടുക്കുന്ന (മുട്ടയിലെ മഞ്ഞക്കരുവിന് പുറമേ) ഒരേയൊരു പാറ്റയാണ് ഡിപ്ലോപ്‌റ്റെറ പന്‍ക്‌റ്റേറ്റ.
വെള്ളത്തില്‍ ലയിച്ച വിവിധ തരം പ്രോട്ടീനുകളും അമിനോ ആസിഡുകളും കൊഴുപ്പുകളും ധാന്യകങ്ങളും അടങ്ങിയ സമ്പൂര്‍ണ്ണാഹാരമാണ് പാറ്റപ്പാല്‍. പാറ്റപ്പാലില്‍ രണ്ട് പ്രധാനപ്പെട്ട അമിനോ ആസിഡുകളായ മെത്തിയോണിനും (methionine) ട്രിപ്‌റ്റോഫാനും (Tryptophan) ഇല്ല. 25 ജീനുകള്‍ നിര്‍മ്മിക്കുന്ന 22 തരം വ്യത്യസ്ത പ്രോട്ടീനുകളും പാറ്റ പാലിലുണ്ട്. ഈ പ്രോട്ടീനുകളെ ലിപ്പോകാലിനുകള്‍ (lipocalins) എന്നാണ് വിളിക്കുന്നത്.
ഇങ്ങനെ ഒത്തിരി സവിശേഷതകളുള്ള പാറ്റകളെ പോറ്റി പാല്‍ കറന്നെടുക്കാം എന്ന് കരുതിയാൽ അത് സാധ്യമല്ല. ജൈവസാങ്കേതിക വിദ്യകളുപയോഗിച്ച് പരീക്ഷണശാലയില്‍ കൃത്രിമമായി പാറ്റപ്പാല്‍ ഉണ്ടാക്കാനുള്ള സാധ്യതയാണ് നിലവിൽ നമുക്ക് മുന്നിലുള്ളത്. പാറ്റപ്പാലുണ്ടാക്കുന്ന ജീനുകള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ജീനുകള്‍ യീസ്റ്റില്‍ കടത്തിവിട്ട് പാൽ ഉല്പാദിപ്പിക്കാനാണ് ഗവേഷകര്‍ പദ്ധതിയിടുന്നത്.
മറ്റുചില ഗവേഷകര്‍ പാറ്റപ്പാലിലെ പ്രോട്ടീനിന്റെ അപൂര്‍വഘടന മറ്റൊരു ആവശ്യത്തിനായി ഉപയോഗപ്പെടുത്താം എന്നാണ് കരുതുന്നത്. ഒളീക്ക് ആസിഡ്, ലിനോളീക്ക് ആസിഡ് എന്നീ കൊഴുപ്പുകളെ വഹിച്ചുകൊണ്ട് പോകുന്നത് പ്രോട്ടീനുകൾ ആണ്. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കെതിരെയുള്ള മരുന്ന് തന്മാത്രകള്‍ ഇതുപോലെയുള്ള പ്രോട്ടീന്‍ തന്മാത്രകള്‍ ഉപയോഗിച്ച് കാന്‍സര്‍ ബാധിച്ച കോശങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.