ഇലക്ട്രിക് സ്‌കൂട്ടർ മതിലില്‍ ഇടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കാസർകോട് ∙ കുമ്പള കൊടിയമ്മ പൂക്കട്ടയിൽ ഉണ്ടായ ദാരുണ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്ക സ്വദേശി റസാഖിന്റെയും റംസീനയുടെയും മകൾ റിസ്‌വാന (15) ആണ് മരിച്ചത് .
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്. കൂട്ടുകാരിക്കൊപ്പം ട്യൂഷൻ സെൻററിലേക്ക് പോകുന്നതിനിടയിലാണ് അപകടം.
ഇലക്ട്രിക് സ്കൂട്ടറിൽ കൂട്ടുകാരിയോടൊപ്പം യാത്ര ചെയ്യുമ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം പെട്ടന്ന് നഷ്ടപ്പെട്ടു. തുടർന്ന് റോഡിന്റെ വക്കിലുള്ള മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കൂട്ടുകാരിയും അതേ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കൊടിയമ്മ സ്കൂളിൽ പത്താം ക്ലാസിലായിരുന്നു ഇരുവരും പഠനം നടത്തുന്നത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ റിസ്‌വാനയെ ആദ്യം കുമ്പളയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
എങ്കിലും എല്ലാത്തരം ചികിത്സാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ വൈകാതെ തന്നെ മരണപ്പെട്ടു. കൂട്ടുകാരി പരിക്കുകളെത്തുടർന്നു ചികിത്സയിലാണ്.
ഏതാനും ദിവസത്തിനകം സ്കൂൾ പരീക്ഷകൾ ആരംഭിക്കാനിരിക്കെ സംഭവിച്ച അപകടവാർത്ത കൂട്ടുകാരിലും അധ്യാപകരിലും അതിയായ ദുഃഖം പടർത്തി.









