കൊച്ചി: കാക്കനാട് എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർ അറസ്റ്റിൽ. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോർട്ട്കൊച്ചി സ്വദേശി നവാസ് എന്നിവരാണ് അറസ്റ്റിലായത്.(Clash over food poisoning in Kochi NCC camp; Two persons were arrested)
അറസ്റ്റിലായ ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർഥികളുടെ ഇരുവരും മാതാപിതാക്കളാണ്. കേരള- 21 എൻസിസി ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ലെഫ്റ്റനന്റായ കർണയിൽ സിങ്ങിനാണ് മർദ്ദനമേറ്റത്. സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.
ഈ മാസം 23ന് ആണ് തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധയുണ്ടായത്. എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.