ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളിൽ നാളെ (വ്യാഴം) വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക.
മേയ് 7ന് രാജ്യത്തെ 244 ജില്ലകളിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. മോക്ക് ഡ്രില്ലിന് തൊട്ടുമുൻപാണ് മേയ് 7ന് പുലർച്ചെ പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
ഓപ്പേറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാനു നൽകിയ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് വീണ്ടും 4 സംസ്ഥാനങ്ങളിൽ കൂടി മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക സിവിൽ ഡിഫൻസ് ടീമുകൾ, പൊലീസ്, ദുരന്ത നിവാരണ സേനകൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരാണ് മോക്ക് ഡ്രില്ലിൽ പങ്കെടുക്കുക.
അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ പരിശീലിക്കുക.